അന്നൊരിക്കല്‍ ചോര്‍ന്നുപോകാതിരുന്ന മാര്‍ക്കിന് അച്ഛനോട്
ആവശ്യപ്പെട്ട സമ്മാനം , ഒരു മൂക്കുത്തി .
ഭാവമാറ്റം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെട്ട് , അച്ഛന്‍റെ
ചോദ്യം , '' ഏത് നിറമാണ് വേണ്ടത് ?''
''വെള്ള '' ഞാന്‍ പറഞ്ഞു . '' നാളെയാവട്ടെ '' . നാളെയായി .
അച്ഛന്‍റെ ചോദ്യം , ''ഏത് നിറമാണ് മോള്‍ക്ക് വേണമെന്ന്
പറഞ്ഞത് ?'' '' ചുവപ്പ് '' ഞാന്‍ പറഞ്ഞു . '' ഉം ..'' അച്ഛന്‍
മൂളിക്കേട്ടു . മൂന്നാം ദിവസം അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു .
'' പച്ച '' ഉത്തരം മാത്രം മാറിക്കൊണ്ടിരുന്നു .
പിറ്റേ ദിവസം അച്ഛന്‍ ഒരു സമ്മാനം തന്നു . സമയനിഷ്ഠ
പാലിക്കാന്‍ , നല്ല ഭംഗിയുള്ള ഒരു വാച്ച് .അത് കൈയില്‍
കെട്ടിത്തന്നിട്ട് ചോദിച്ചു . '' ഇഷ്ടമായോ ? '' '' ഉം ..'' അച്ഛന്‍റെ
മൂളല്‍ ഞാന്‍ കടമെടുത്തു . തെളിയാത്ത എന്‍റെ മുഖത്തെ
ആശ്വസിപ്പിക്കാനെന്നോണം അമ്മ പറഞ്ഞു , എന്‍റെ കാത്
കുത്തിയപ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയ കഥ .
കാതുകുത്തുന്നത് ഇഷ്ടമല്ലെന്നു പറയാന്‍ അന്നെനിക്ക്
അറിയില്ലായിരുന്നിരിക്കണം .
മൂക്കുത്തി കിട്ടാത്ത എന്‍റെ മൂക്ക് വല്ലാതെ പിറുപിറുത്തു .
ആരും കാണാതെ ഞാനൊരു ചെറിയ നുള്ള് വച്ചുകൊടുത്തു .
എന്തിനാണിങ്ങനെ ആവശ്യമില്ലാത്ത ഒരു മോഹം ..
എന്നിട്ടും പലപ്പോഴും മൂക്കുത്തിയിട്ട മൂക്കുകളെ തെല്ലൊരു
അസൂയയോടെ തന്നെ നോക്കി . അവരെ കുടിയിരുത്തുന്ന
തട്ടാന്മാരോടായിരുന്നു ദേഷ്യം .
കോളേജില്‍ ജന്തുശാസ്ത്രം പഠിപ്പിച്ചിരുന്ന ശാന്തകുമാരി ടീച്ചര്‍
തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ ദഹന വ്യവസ്ഥയുടെ ചിത്രം
വരച്ചപ്പോള്‍ കൂട്ടുകാരിയുടെ വകയായി ഒരു സമ്മാനം .
പേനകൊണ്ട് മൂക്കിനു ഒരു പോറല്‍ . പരിസരം മറന്നു ,
ക്ഷോഭത്തോടെ തിരിഞ്ഞു നോക്കി , കുറ്റവാളി ആരെന്നറിയാതെ
ടീച്ചര്‍ വര തുടര്‍ന്നു . എന്‍റെ മൂക്കിലെ വര ഒരു നീറ്റലോടെ
നീല നിറത്തില്‍ കട്ടപിടിച്ചിരുന്നു .
എന്‍റെ മൂക്കിന് മൂക്കുത്തി നന്നായി ഇണങ്ങുമെന്ന് ടീച്ചര്‍
പോയിക്കഴിഞ്ഞ് അവള്‍ പറഞ്ഞു . അത് കേട്ട് എന്‍റെ മൂക്ക്
പരാതിപറച്ചില്‍ അവസാനിപ്പിച്ചു . അവളുടെ പേഴ്സിലെ
കുഞ്ഞു കണ്ണാടിയില്‍ ഒരു ചെറിയ നീലക്കല്ലുപോലെ മഷി
തെളിഞ്ഞു നിന്നു , മായ്ച്ചിട്ടും മായാതെ . നീല നിറത്തിലുള്ള
മൂക്കുത്തി ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ .
വധുവായി അണിയിച്ചൊരുക്കിയപ്പോഴും ആരും ഓര്‍ത്തില്ല
എനിക്കൊരു മൂക്കുത്തി ആവശ്യമുണ്ടെന്ന് . അങ്ങനെ പുതിയ
ജീവിതത്തില്‍ പഴയ മൂക്കുമായി ഞാന്‍ കടന്നുചെന്നു .
മടിച്ചുമടിച്ച് ഒരു ദിവസം എന്‍റെ മൂക്ക് രഹസ്യമായി ഒരു
ചെവിയോടു പറഞ്ഞു , മൂക്കുത്തിയോടുള്ള ഇഷ്ടം . അച്ഛന്‍റെ
മൂളലിനെക്കാള്‍ നീളമുള്ള ഒരു മൂളല്‍ പകരം കിട്ടി . എന്‍റെ
മൂക്കുത്തി മറ്റൊരു മൂക്കിനെ വേദനിപ്പിച്ചാലോ ? വേണ്ടാ ,
അന്ന് മൂക്കിന് സാമാന്യം നല്ല ഒരു നുള്ള് തന്നെ കൊടുത്തു.
അതിമോഹം ..
പിന്നീട് കുഞ്ഞു കൈകള്‍ നിറയെ കരിവള ഇട്ടുകൊടുത്തും
മുഖത്തും കൈകാലുകളിലും മതിയാവോളം ഉമ്മ കൊടുത്തും
താരാട്ട് പാടിയും കഥകള്‍ പറഞ്ഞും നടക്കുന്നതിനിടയില്‍
എന്‍റെ മൂക്കുത്തി എവിടെയോ പോയി മറഞ്ഞു .
ഇന്നിതാ വീണ്ടുമൊരുവള്‍ ചോര്‍ന്നുപോകാത്ത മാര്‍ക്കിന്
സമ്മാനമായി മൂക്കുത്തിയും ചോദിച്ചുകൊണ്ട് അവളുടെ
അച്ഛന്‍റെ മുന്നില്‍ . ഞാന്‍ അതിശയത്തോടെ അവളെ നോക്കി .
ഞാനവളോട് ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ അവളുടെ
പ്രായത്തില്‍ ഞാനിഷ്ടപ്പെട്ടിരുന്ന ഒരേയൊരു ആഭരണമാണ്
മൂക്കുത്തി എന്ന് .
ഒരു മൂളല്‍ പ്രതീക്ഷിച്ചു നിന്ന ഞാന്‍ ശരിക്കും ഒന്നു ഞെട്ടി .
അവളുടെ സന്തോഷത്തിന്‍റെ തീവ്രതയറിഞ്ഞത് , അവളുടെ
രണ്ടു വിരലുകള്‍ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞ എന്‍റെ പാവം
മൂക്ക് .
വെട്ടിത്തിളങ്ങുന്ന മൂക്കുത്തി അവള്‍ക്ക് നന്നായി ഇണങ്ങുന്നു .
ചോറ് പകരുന്നതിനിടയില്‍ വീണ്ടും അവളുടെ ചോദ്യം ,
''അമ്മേടെ മോള്‍ക്ക് മൂക്കുത്തി നല്ല ചേര്‍ച്ച , അല്ലേ ?'' ഇന്ന്
വാല്‍ക്കണ്ണാടിയെ സ്വസ്ഥമായി ഒരിടത്തൊന്നിരിക്കാന്‍ അവള്‍
അനുവദിച്ചിട്ടില്ല . അവളെ കണ്ണാടിയിലൂടെ ഞാനൊന്ന് നോക്കി .
വെള്ള മൂക്കുത്തിയുടെ തിളക്കം കണ്ണുകളിലേയ്ക്ക് പകര്‍ത്തി
അതില്‍ ഞാന്‍ .. പിറകില്‍ എന്‍റെ പിന്‍കഴുത്തില്‍ മുഖംചേര്‍ത്ത്
എന്നെ നോക്കുന്ന അമ്മ .
**********************************************