മുറ്റത്ത് കളിക്കുമീ പിഞ്ചുകാലുകള്‍ കണ്ട്
നെഞ്ചകം പിടയുന്നതറിയുന്നുവോ നിങ്ങള്‍ ?
വായിക്കാനവളൊരു വാര്‍ത്തയായ് നിറയുന്നു
ഭോഗത്തിനച്ഛന്‍ തച്ചുടച്ച കളിപ്പാട്ടം
സഹതപിച്ചൊരുപിടി അരുമപ്പേരുകളെത്തീ
പീഡിത , ഇര ,മാനഭംഗം വന്നുപെട്ടവള്‍
പറന്നു പോകുന്നത് പൂക്കളോ പൂമ്പാറ്റയോ
കൈക്കുള്ളിലൊതുക്കുവാന്‍ പായുന്നിതെന്നോമന .
ലിംഗഭേദമെന്നൊരു വാക്കവള്‍ക്കറിയില്ല
കുഞ്ഞു പെങ്ങളും താനുമേട്ടനുമൊരുപോലെ
ഇരുളിന്‍ നേരെ കണ്ണിന്‍ വെളിച്ചം കൊടുത്തവള്‍
അച്ഛനെ തിരയുന്നു കണ്ണുകള്‍ നിറയ്ക്കുന്നു
വാക്കുകള്‍ കൂട്ടിചൊല്ലാനറിയാ കുരുന്നിനോടെ -
ങ്ങനെ പറയും ഞാന്‍ അച്ഛന്‍റെ ചിത്തഭ്രമം
ഉമ്മയായ് സ്നേഹം കുഞ്ഞുകവിളില്‍ പകര്‍ന്നുഞാന്‍
നെഞ്ചിന്‍റെ താളം കൊണ്ട് താരാട്ടിയുറക്കുന്നു
ഉറക്കം മറഞ്ഞോരെന്‍ രാത്രിയിലിടയ്ക്കിടെ
കൂട്ടിനെത്തുന്നു കുഞ്ഞിന്‍ ഞെട്ടലും ഞരക്കവും
ചുണ്ടുകള്‍ അവ്യക്തമായ് പറയുന്നതെന്താവാം
അവളെ തനിച്ചാക്കി പോകരുതെന്നല്ലയോ ?
''ഉറങ്ങാതിരിക്കും ഞാന്‍ നിന്‍റെ കാവലിനായി
അഗ്നി തുപ്പണം പാഞ്ഞടുക്കും കഴുകനെ ,
പിഞ്ചു കാലുകള്‍ നടന്നകലാന്‍ പഠിക്കുമ്പോള്‍
തന്നിടും നിനക്കെന്‍റെ കണ്ണിനുള്ളിലെ അഗ്നി '' .
******************************