2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

കല്പറ്റ കണ്ടിട്ട് ഒരു കാക്കയെക്കാണാൻ അഞ്ചുമാസം നോക്കിയിരിക്കേണ്ടി വന്നു .
ചിത്രങ്ങളിൽ മാത്രം കണ്ടതും അല്ലാത്തതുമായി ഒട്ടനേകം കിളികൾ ,പറന്നും  പാടിയും
ചിലച്ചും ....മലമുഴക്കിക്കൊണ്ട് ,പാടാനറിയാത്ത വേഴാമ്പൽ വരെ തൊട്ടടുത്ത്‌ !

ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാക്കപുരാണം വീണ്ടും നിവർത്തിവച്ചു .കുഞ്ഞു
ബഞ്ചിലിരുന്ന് വീട്ടുമുറ്റം വെടിപ്പാക്കിത്തരുന്ന കാക്കവിശേഷം കേട്ട് ,വർണങ്ങളില്ലാത്ത
ആ ചിറകുകളെ അറിയാതെ സ്നേഹിക്കാൻ തുടങ്ങി .പിന്നീട് അവധിദിവസങ്ങളിൽ ,
മുറ്റത്ത്‌ പായ വിരിച്ച് , ഉണക്കാനിടുന്ന പുഴുങ്ങിയ നെല്ലിനും ചന്ദ്രക്കലയുടെ ആകൃതിയിൽ
മാനത്തു നോക്കി വെളുക്കെ ചിരിച്ചു കിടക്കുന്ന തേങ്ങാചീളുകൾക്കും കാവലിരിക്കാൻ
തുടങ്ങിയപ്പോൾ അറിയാതെ വെറുക്കാൻ തുടങ്ങി . കഥയിലെ മോഹിപ്പിക്കുന്ന ഒരു
കഥാപാത്രമായി വേഷപ്പകർച്ചനടത്തി ഞാനൊന്ന് പറക്കാൻ തുടങ്ങുമ്പോഴാവും
അവറ്റകൾ പറന്നിറങ്ങി ,ചുണ്ട് നിറച്ച് ,എന്നെ പറ്റിച്ച് മറയുന്നത് . ' വകതിരിവില്ലാത്ത
ജന്തുക്കൾ ' എന്നൊരു പട്ടവും ചാർത്തി മാറ്റിനിർത്തി പിന്നീടെപ്പോഴും.വർഷങ്ങൾക്കു
ശേഷം ബലിച്ചോറുണ്ണാൻ കൈകൊട്ടിവിളിച്ചതു കേട്ട്  എങ്ങുനിന്നോ പറന്നു വന്ന
അവരെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി .മനുഷ്യൻ ഇങ്ങനെയൊക്കെയാണ് എന്ന്
ചിന്തിച്ച് കുറേക്കൂടി ചെറുതാകാനും ...........)

ഇന്ന് രാവിലെ കണ്ടു . പേരറിയാത്തൊരു മരക്കൊമ്പിൽ രണ്ടു കാക്കകൾ .കൂട്ടംതെറ്റി
വന്നവരെപ്പോലെ ചില്ലകൾ മാറിമാറി ,കാ കാ ന്നു കരഞ്ഞ് ....... മാനത്തു നിന്ന്
പൊട്ടി വീണ ഒരതിശയമെന്ന പോലെ നോക്കി നിന്നുപോയി . അധികം ആയുസ്സില്ലാതിരുന്ന  ആ കാഴ്ചക്ക് വിരാമമിട്ടുകൊണ്ട് ഒരെണ്ണം തെക്കോട്ട്‌ പറന്നു .
മറ്റേത് കുറേനേരം അസ്വസ്ഥതയോടെ ഒച്ചവച്ച്  ചില്ലയിലിരുന്നു . പക്ഷികളുടെ
ഭാഷ അറിയാമായിരുന്നെങ്കിൽ എന്ന് ഒരിക്കൽക്കൂടി വ്യാമോഹിക്കുമ്പോൾ ,
അറിയില്ലല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോൾ ,  മറ്റേത് വടക്കോട്ട്‌ പറന്നു .
അവർ പരസ്പരം ആരായിരുന്നിരിക്കും ...........വീണ്ടുമൊരു വഴിയിൽ ...........
ജോലികളിൽ മുഴുകാൻ ശ്രമിച്ചിട്ടും 'കാ കാ എന്ന കരച്ചിൽ പറന്നുപോകുന്നേയില്ല.

കൊല്ലണം ഇവറ്റകളെ ...കാക്കകളെയല്ല . ചിറകുമായെത്തുന്ന മോഹങ്ങളെ .