ആത്മഹത്യ ചെയ്തു വിജയിച്ചവരാണ് ഈ സമയസൂചികൾ .
കൂടെനടക്കാതെ തിരിഞ്ഞു നിന്ന് ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും .
കൈത്തണ്ട നിറഞ്ഞ രോമങ്ങളെ പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടുണ്ടാവും .
തോറ്റുകൊടുക്കാത്ത ആ സമയനിഷ്ഠയുടെ ചൂടിൽ പറ്റിച്ചേർന്നിരുന്ന്
ജന്മം സാർത്ഥകമാക്കി നിശ്ചലരായിരിക്കുന്നവർ .
ഇണങ്ങിയും പിണങ്ങിയും വടിയെടുത്തും എന്നെ പഠിപ്പിച്ച മഹനീയമായ
ആ പാഠത്തിന്റെ ഓർമ്മയായി , ഒരു നിധിപോലെ
ഇവരിന്നും എനിക്കൊപ്പം .....
ഉള്ളൊന്നു പിടഞ്ഞാൽ ഇന്നും ,
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച് ,വിരല്‍തുമ്പ് തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .
( ഞാൻ വീണ്ടും ജനിച്ചിട്ട് ഇന്ന് അഞ്ചുവർഷം )