ഇന്നലെ ...........
ആൾക്കൂട്ടത്തിനിടയിൽ നീ
എന്നെയും കാത്തുനിന്ന സ്ഥലത്തു നിന്ന് തുടങ്ങണം .
ചീറിപ്പായുന്ന വാഹനങ്ങളെപ്പേടിച്ച്
അരികുചേർന്ന് നടന്ന ടാറിട്ട പാത
എന്റെ വിയർപ്പുതുള്ളികൾ മുത്തിയെടുത്ത നിന്റെ തൂവാല
വീണ്ടും വിയർക്കാൻ മോഹിച്ചു താണ്ടിയ ദൂരം
ഇടവഴിയിറക്കത്തിൽ തിരികെപ്പോക്കാതെ
വാശിപിടിച്ച് , എന്നെ തോല്പിച്ച നീ
ഇടറി വീഴാതെ താങ്ങിയ നിന്റെ കൈയുടെ കരുത്ത്
നീ കണ്ട എന്റെ വീട്
നമ്മളൊന്നായി കണ്ടുനിന്ന പുഴ
വെളിച്ചവും മണ്ണും വിണ്ണും സാക്ഷി .
നാളെ .............
പടിപ്പുര കടന്നു നീ ചെല്ലുമ്പോൾ
നാലുവശവും തുളസിച്ചെടികൾ നിറഞ്ഞ്
വലതുവശത്തായി ഒരു ശവകുടീരം കാണാം
അത് എൻന്റേതാണെന്നു കരുതി
നമുക്കുമാത്രമറിയാവുന്നതൊന്നും പറയരുത്
പുഴയുടെ അരികിലേയ്ക്ക് നടക്കണം
ഇപ്പോഴും കൈകൾ വീശി ചാഞ്ഞു നിൽക്കുന്ന
ആ തെങ്ങ് അവിടെത്തന്നെയുണ്ടാവും
കഥകേട്ട് , കവിത കേട്ട് എന്റെ ഭാരം താങ്ങി
കുനിഞ്ഞു പോയതാണവന്റെ മുതുക്
നിഴലിന് താഴെ ഒരു ശവകുടീരം കാണാം
ചുറ്റും റോസാച്ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്നുണ്ടാവും
അതിൽനിന്ന് ഒരു പൂവ് നീ ഇറുത്തെടുക്കണം
ഒരു മാത്രകൊണ്ട് ഒരുവട്ടം കൂടി നിൻറെ ചുണ്ട് ചുവപ്പിക്കണം
കുറേക്കൂടി ചുവന്ന ആ പൂവ് ഉള്ളംകൈയിൽ പൊതിഞ്ഞുപിടിക്കണം
പടിപ്പുര കടന്ന് ഇടവഴിയിലൂടെ തിരികെ നടക്കണം
പെരുമഴ പെയ്യും , മഴയിലൂടെ നീ നടക്കണം
നിനക്കഭിമുഖമായി ഒരു പെണ്‍കുട്ടി നടന്നു വരും
ആ പൂവ് നീ അവൾക്കു കൊടുക്കണം
പൂവിനെപ്പോലെ ചിരിച്ച് അവളതു നെഞ്ചിൽ ചേർത്തുപിടിക്കും
അപ്പോൾ നിന്റെ ഇടം നെഞ്ചിലിരുന്നു ഞാൻ പറയും
അവൾ നിന്നെ കാണുന്ന കണ്ണുകൾ എന്റേതാണ്
ഞാൻ നിനക്ക് തന്നതാണ്
ആ പൂവ് ചിരിക്കുന്നിടം .
ഒരു പ്രകാശബിന്ദുവിൽ തുടങ്ങി മറ്റൊരു പ്രകാശബിന്ദുവിൽ
അവസാനിക്കുന്ന വലിയ ഒരു മാത്ര ......../
---------------------------