2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കത(ഥ)യില്ലാത്തവൾ...


നീയെന്റെ പിറകിൽ
ഒളിച്ചിരിക്കുമ്പോഴാണ്
കിളികൾ
പാടി നിർത്തുന്നതെന്ന്
ഞാൻ  വീണ്ടും
കള്ളം പറയുന്നു .
അല്ല
കള്ളം പറയാൻ
അവരെന്നെ പഠിപ്പിക്കുന്നു.
വാതിലില്ലാ വീട്ടിലെ
ഏഴാം നിലയിലെ മുറിയിൽ
അരിപ്പെട്ടിക്കുള്ളിൽ
നിന്നെ പൂട്ടിവെയ്ക്കുന്നതാണെന്ന്
ഇന്നലെയും
പുഴകളോടും കാറ്റിനോടും
ഈവഴി പോയ പാണനോടും
പറഞ്ഞു മടുത്തു .

പൂവായ പൂവിലും
കനവായ കനവിലും
വാടിച്ചുവന്ന്
നിറമഴിച്ചുവെയ്ക്കാനൊരാഴം
തേടുന്നിടത്തുനിന്നാണ് 
നിന്നെയൊരു മുത്തായ്‌
കോരിയെടുത്ത് 
ഒറ്റച്ചിറകുവേഗത്തിൽ
ഞാൻ പറക്കാൻ തുടങ്ങുന്നത് .

നക്ഷത്രങ്ങളടർത്തിയെടുത്ത്‌
ജനാലകളിൽ തൂക്കിയിടും.
നീയില്ലാത്ത ആകാശം വരച്ച്
കടലെന്ന് വായിക്കും .
കൊഴിഞ്ഞുവീണ
തൂവലുകളോരോന്നായെടുത്ത്
തിരകളെന്നെണ്ണും .

ഏതോ ജന്മത്തിൽ
നീയണിയിച്ച് ,
ചന്തം നോക്കിയ
കുപ്പിവളകളിലൊന്നെടുത്ത് 
ഞാൻ നിന്റെ മുഖം വരയ്ക്കും .
മഴവില്ലുകൊണ്ട്
പുരികക്കൊടികൾ 
മയിൽപ്പീലികൊണ്ട്
കണ്ണുകൾ
പൂവിതൾ കൊണ്ട് 
ചുണ്ടും മൂക്കും 
ശംഖു കൊണ്ട്
ചെവികൾ .
കണ്ണുതട്ടാതിരിക്കാൻ
കൂർത്ത കൊക്കുകൊണ്ട്‌
ഒരു തരി
ഇരുട്ടിനെയൊപ്പിയെടുത്ത്
കവിളിലൊരു കറുത്ത മറുക് .

മഞ്ഞിൽ കുളിച്ചുകയറി
നിനക്കായ്
പകലുടുപ്പു തുന്നുന്ന
രാ വിരലുകളാണ്
നിന്നിലുറങ്ങി
നീയായുണരുന്നൊരീ 
ഞാനെന്ന കടംകഥയെ
അതിമനോഹരമായി 
വിവർത്തനം ചെയ്യുന്നത് ...!
-----------------------------