കേട്ടിരുന്നില്ല
ഇത്രയുമടുത്ത്
ഇത്രയും മധുരമായി
രാപ്പാടികളുടെ അഭൗമമായ സംഗീതം !
പകർത്തിവെയ്ക്കാനായില്ല
നിനക്കുള്ളതാണെന്നുണർത്തിയിട്ടും
ഉറക്കത്തിന്റെ
ബലിഷ്ഠമായ കൈകൾ
എടുത്തുമാറ്റാനാവാതെ
കണ്ണുകൾ
അടഞ്ഞുപോയിരുന്നു
ഇന്ന് അവർ വരും
പാടും
ഒരുമിച്ചു പാടണം
'വരികൾ അർത്ഥമറിഞ്ഞു തന്നെയാണ് കിളിയേ
കൂടെപ്പാടുന്നതെന്ന് ഇടയ്ക്കൊരു നിർത്ത്
പിന്നെ മുറിയാതേറ്റുപാടി
ഉറങ്ങാത്ത രാവിനെ പുലരുവോളമുറക്കണം
അനന്തമായ ആകാശവീഥിയെ
നേർത്തൊരു സ്പർശംകൊണ്ടളക്കുന്ന ചിറകിനെ
കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ
അസൂയകൊണ്ട് കറുകറുത്ത കണ്മഷിയെഴുത്ത് !
ഒരിക്കൽ ,ഒരിക്കൽ മാത്രമെന്നോരോ നോക്കിലും
അദമ്യമായ മോഹത്തിന്റെയൊരുയിർപ്പ് !
ആകാശത്തൊരു കളം വരയ്ക്കാനായെങ്കിൽ
അവിടെയൊരു കൊമ്പിൽ ഊഞ്ഞാല കെട്ടി
നീ നീ നീയെന്നു ചൂണ്ടി
ഊഴം തെറ്റാതെ ,തെറ്റിക്കാതെ ആയത്തിലാടി
പൂക്കളെ , പൂമ്പാറ്റകളെ നോക്കിനോക്കിനിന്ന്
വയൽവരമ്പിലൂടെ പാട്ടുമൂളി നടന്ന്
പുഴയെ പേരുവിളിച്ച്
പമ്പരം കാട്ടി കൊതിപ്പിച്ച്
പൂവിന്റെ നെറുകയിൽ നിന്നൊരു മഞ്ഞുതുള്ളി
തൊട്ടെടുത്ത് വട്ടത്തിലൊരു പൊട്ടുകുത്തി
കാറ്റായ് പറന്ന് , മഴയായ് പൊഴിഞ്ഞ് .....
ഒക്കെയും പറയണമെനിക്കവരോട്
ഇന്നു രാവിൽ അവർ വരും. വരാതിരിക്കില്ല .