കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച
നിറച്ചു വെച്ച
നിലാവുരുളിയിൽ
രാത്രി,
മുടിയഴിച്ചിട്ട്
മുറ്റത്തിറങ്ങി നിന്ന്
മഴ നനയുന്നതിന്റെ
നിഴൽ.
ഇറ്റിറ്റുവീഴുന്നതിലുണ്ടാവും
കിനാവ്,
ചീകിയൊതുക്കി
മെടഞ്ഞിട്ടു തന്ന
മുടിപ്പിന്നലിൽ
ഞാനന്നു തിരുകിവെച്ച
നക്ഷത്രമൊട്ട്.
2020, ഫെബ്രുവരി 12, ബുധനാഴ്‌ച
തേയ്ച്ചു മടക്കിയ
ചുളിവുകളില്ലാത്ത
ഇരുട്ടിലേയ്ക്ക്,
എന്നോ
ഞൊറിഞ്ഞുടുത്തു-
നിറഞ്ഞ
പകലിന്റെ മണത്തെ,
താക്കോൽപ്പഴുതിലൂടെ
പതിയെ പതിയെ
മടക്കി മടക്കി
ഇരുട്ടെന്നടുക്കിവെക്കുന്നു
മങ്ങാത്തൊരു നിറം.
2020, ഫെബ്രുവരി 8, ശനിയാഴ്‌ച
വിരൽ കുടിച്ചുറങ്ങുന്ന
ആകാശത്തിന്റെ കവിളിൽ
കണ്ണു തട്ടാതെ
വിരൽത്തുമ്പുകൊണ്ടൊരു
കറുത്ത പൊട്ട്.
വള കിലുക്കുന്നു,
കിനാവെന്നു നുണഞ്ഞൊരു
കുഞ്ഞു നക്ഷത്രം.
ഞാനിപ്പോൾ,
ഇടയ്ക്കൊന്നു കൺമിഴിച്ച്
എന്തിനെന്നറിയാതെ
ഉറക്കത്തിൽ ചിരിക്കുന്ന കുഞ്ഞ്.!
2020, ഫെബ്രുവരി 1, ശനിയാഴ്‌ച
ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.
അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ്
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)