നീ ചേർന്നിരുന്ന്
ചുണ്ടനക്കാൻ തുടങ്ങുമ്പോൾ
കവിത'യെന്നു കേട്ട്
എന്റെ ചുണ്ടുകൾ വിറയ്ക്കാൻ
തുടങ്ങും.
അഴികളില്ലാത്ത ജനാലയിലൂടെ
ഒരു കാറ്റ് വീശിയടിക്കും,
അകമാകെ വാരിവലിച്ചിടും.
കഴുകിക്കമഴ്ത്തി
മേൽമേലടുക്കിവെച്ച
മൺകലങ്ങളും മറിച്ചിട്ട്
വാതിൽ തള്ളിത്തുറന്നിറങ്ങിപ്പോകും,
വഴിയറിയുന്നവനെപ്പോലെ.
കിളിയേ,
എന്റെ നോവുകൾ
അ(ട)ടുക്കിവെച്ച
വരികളിൽ നിന്ന്
അടർത്തിയെടുത്ത്
മേഞ്ഞതാണ് ഞാനീ മേൽക്കൂര
ഞാൻ കുഴച്ച മണ്ണ്
ഞാൻ പടുത്ത പുര.
ഇത്,
ഞാനെന്റെ കിനാവുമായി
വേഴ്ച്ചപ്പെടുന്നിടം.
കുടിക്കാൻ ഒരു തുടം കടൽ,
കഴിക്കാൻ ഒരു കഴഞ്ചാകാശം,
കളിക്കാൻ ഒരു കുമ്പിളക്ഷരമണികൾ.
കിളിയേ,
നോവുപാടം കൊയ്ത്,
മെതിച്ച്,
ഉണക്കിയെടുത്ത്,
പ്രാർത്ഥനയുടെ മുനകൊണ്ട്
പുഴയായ്,
കാടായ്,
പൂവായ്,
തേനായ്,
പ്രണയമായ്.......
കൊത്തിയെടുത്തതാണ്
എന്റെ മുറ്റം കടക്കാനറിയാത്ത
വരികൾ.
കിളിയേ,
കവിത ചോദിക്കരുതേ
ഇരുളുന്നു എന്റെ ആകാശം,
വെയിൽ,
നിറങ്ങൾ......
നോക്ക്,
അറ്റുവീണ വിരലുകളുടെ
തുടിപ്പിൽ ചുവന്ന്
ഒലിച്ചുപോകുന്നു എന്റെ പുര.