കതയില്ലാത്തവൾ
ഭൂപടം വരയ്ക്കാത്ത ദേശം
2021 ജനുവരി 31, ഞായറാഴ്‌ച
നോവിന്റെ
വേനൽച്ചൂടാൽ
പൊള്ളുന്നു കിനാപ്പാടം.
കരിഞ്ഞേ പോയ്,
പാറ്റി കൂട്ടിവെച്ച
വാക്കിൻ മണിവിത്തുകൾ.
ഇല്ലൊരു നിലാമുറ്റം
മൂളാനൊരു പഴംപാട്ടും.
ഒരുക്കുന്നു ശവമഞ്ചം
രാവിൻ നേർത്ത വിരലുകൾ.
2021 ജനുവരി 27, ബുധനാഴ്‌ച
വെയില്
മോന്തിക്കുടിച്ച്
ബാക്കിവെച്ചിട്ടുപോയ
തിണ്ണയിലെ തണുപ്പ്.
നീട്ടിച്ചുമച്ചു തുപ്പിയ
ഓർമ്മച്ചുവപ്പുകൾ.
വിയർത്തൊലിച്ച പാടവുമായ്
ഒതുക്കുകല്ലുകൾ കയറി,
പൊട്ടിയ നഖത്തിലൂടെ
ചോരയുമൊലിപ്പിച്ച്
കിതച്ചെത്തുമിപ്പോൾ കാറ്റ്.
വിളയിച്ചുവെയ്ക്കണം
കഴിക്കാൻ ഒരു കിണ്ണമവലും
ഊതിക്കുടിക്കാൻ
ഒരു പാത്രം ചുക്കുകാപ്പിയും.
2021 ജനുവരി 25, തിങ്കളാഴ്‌ച
നിലാവുദിച്ച നേരം
പാട്ടിന്റെ തിരി താഴ്ത്തി
കിനാവേ,
നീ ഉറങ്ങാൻ കിടന്ന മാത്രയിൽ
കെടുത്തിയതാണ് ഞാനെന്നെ.
2021 ജനുവരി 19, ചൊവ്വാഴ്ച
ഒരൊറ്റ
വാക്കിന്റെ
പീലികൾ വിടർത്തി
ചിക്കിയുണക്കുന്നു
നീയെന്റെ
നനഞ്ഞ പകലിൻ
കവിൾത്തടം.
പൂക്കുന്നു
ഒരൊറ്റ ഉമ്മയാൽ
വിടർന്ന്
നിലാവ് ചൂടുന്ന
രാവു പോൽ ഞാൻ.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)