2023, ഏപ്രിൽ 19, ബുധനാഴ്‌ച

വിയർത്ത് 
വീണ്ടും വിയർത്ത് 
കുളിക്കാനിറങ്ങുന്നു, 
വറണ്ട ഇടവഴിയിലൂടെ 
വറ്റിയ കടവിലേക്ക് 
പാട്ട് മറന്ന രാവ്.

വിരലുകൾ നീട്ടി 
ഗർഭത്തിൽനിന്നിനിയും 
പുറത്തേക്കുവരാത്ത 
തണുപ്പിന്റെ കുഞ്ഞുങ്ങളെയും 
കാത്തുകാത്ത് 
തളർന്നുകിടക്കുന്നു 
വഴിയോരത്ത് 
പാമ്പുകളെപ്പോലെ
കെട്ടുപിണഞ്ഞ  നിഴലുകൾ. 

രാവിനു തെളിയാൻ 
ഇത്തിരിപ്പോന്ന 
ജലത്തിന്റെ പള്ളയിലേക്ക് 
ചൂട്ടുകത്തിച്ചുപിടിക്കുന്നു 
ആകാശം 
ചിതറിവീഴുന്നു വെളിച്ചത്തിന്റെ 
പൊട്ടുകൾ. 

നാളെ നാളെയെന്ന് 
ചിറകടിച്ച് പറന്നുപോകുന്നു 
കിനാവിലൊരു രാക്കിളിക്കൂട്ടം. 



2023, ഏപ്രിൽ 9, ഞായറാഴ്‌ച

വരൂ'  
സമയമായ് 
വിളിക്കുന്നു മഹാരഥൻ 
ഒടിക്കുന്നു നാരായമുന 
മുറിക്കുന്നെൻ വിരൽത്തുമ്പും.
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടി 
നക്ഷത്രക്കുഞ്ഞുങ്ങളെ 
മാമൂട്ടി, പാടിയുറക്കി 
ഞാനെന്റെ കണ്ണുകളെ മേയാൻ
വിടുന്നു. 
ഇരുട്ടിൻപറ്റങ്ങൾ 
ചവിട്ടിമെതിച്ചിട്ടയിടങ്ങളിൽ 
മുളച്ചുവന്നേക്കുമൊരുപക്ഷേ 
എന്നോ വേരറ്റുപോയൊരു മഴയിൽ-
കുതിർന്ന
വാക്കിന്റെ വിത്തുകൾ.
വെയിലുരുക്കുന്നു പൊന്നരഞ്ഞാണം
മണികൾ കെട്ടിയൊരുക്കുന്നു നേർമഴ 
എന്തുചേലെന്ന് മാമരക്കൊമ്പത്ത് 
ചാഞ്ഞുറങ്ങാൻ തുടങ്ങുന്നു കാറ്റ്.

2023, ഏപ്രിൽ 5, ബുധനാഴ്‌ച

ഉത്സവത്തിന് 
പുത്തനുടയാടയില്ലാഞ്ഞ്
അത്താഴമുണ്ണാതെ 
മുടിവാരിക്കെട്ടാതെ 
കരഞ്ഞ്
പെയ്യുന്നു
കരിങ്കുഴലി. 
കൊതിച്ചതാണവൾ 
നാലാള് കാൺകെ
നിറഞ്ഞ്
പെയ്യാൻ
വെട്ടിത്തിളങ്ങുന്ന
പുരം തിളക്കുന്ന  
കുളിര് ചൂഴുന്ന
നിലാവണിക്കുപ്പായം.

2023, ഏപ്രിൽ 1, ശനിയാഴ്‌ച

മുടിപ്പിന്നൽ 
മുന്നിലേയ്ക്കെടുത്തിട്ട് 
നേർത്തവിരലുകൾ
മീ....ട്ടി 
തിരുകിവെച്ചത്
മിനുക്കിവെയ്ക്കുന്നു 
രാവ്.
നിലാവുമ്മവെച്ചിടങ്ങൾ
തിണർത്തുവരുന്നതാണത്രേ 
വെള്ളനിറമുള്ള പൂമൊട്ടുകൾ.