2023, നവംബർ 15, ബുധനാഴ്‌ച

പേറ്റുനോവ് 
കലശലാവുന്ന നേരത്ത്
ചൂട്ടും കത്തിച്ചുപിടിച്ച് 
വഴിനീളെ മുറുക്കിത്തുപ്പി 
ചോന്നുചോന്ന് 
വയറ്റാട്ടിയെത്തും.
ഉടനെ,
ഊഴംവെച്ച് കൂട്ടിനെത്തിയവർ 
അവിടെനിന്ന്
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി 
നടന്നുമറയാൻ തുടങ്ങും.

വയറൊഴിഞ്ഞ രാവും
വാരിയെടുത്ത വയറ്റാട്ടിയും
വെളുക്കെ ചിരിക്കാൻ തുടങ്ങും.
കുഞ്ഞിനെ നിലത്തുകിടത്തി
നോവകന്ന ചുണ്ട് തുറന്ന്
നനവുള്ള നാവ് കൊരുത്ത്
രാവ് അവന്റെ കാതിൽ
പേരുചൊല്ലി വിളിക്കും.
മടിക്കുത്തിലിരുന്ന് വെറ്റിലപ്പൊതി 
ആ പേര് ഏറ്റുചൊല്ലും. 
ഒത്തിരി നാവുകളതേറ്റുചൊല്ലാൻ 
തുടങ്ങുമ്പോൾ
അടുത്ത നോവിന് കാണാമെന്നവർ
രണ്ട് വഴികളായ് പിരിയും.

നോവിനെ
നേരാക്കുന്ന പ്രതിഭാസത്തെയാണ് 
നമ്മൾ വെളിച്ചമെന്ന് പേരിട്ട് വിളിക്കാറ്. 


2023, നവംബർ 9, വ്യാഴാഴ്‌ച

പറഞ്ഞതെന്തോ, 
തുടിക്കുന്നുണ്ട് 
പൂവിതൾ 
അടർന്നേറെയായിട്ടും.
കേൾക്കുന്നുണ്ടതിനെ 
തുടിയായ് മണ്ണ് 
കാറ്റേ കാറ്റേന്ന് 
നനഞ്ഞൊരീണത്തിൽ.

2023, നവംബർ 1, ബുധനാഴ്‌ച

ഇറങ്ങി വരും
നോക്കിനിൽക്കെ
നിലാവ്. 
കോരിയെടുക്കണം.
ഒക്കത്തുവെച്ച് 
മരങ്ങൾ കൊഴിച്ചിടുന്ന 
നിഴലുകളിലൂടെ
ഒട്ടുനേരം അങ്ങോട്ടിങ്ങോട്ട് 
മെല്ലെ നടക്കണം.
അവന് 
കുടിക്കാനൊരു വിരൽ, 
ഉള്ളിൽ
കിടക്കാനൊരു പുൽപ്പായ.
തുറന്ന ജനാലകൾക്കുനേരെ 
കണ്ണുകൾ പതിയെ അടയ്ക്കണം.
ഒഴുകിവരുന്ന പാട്ടിനൊപ്പം 
നീന്തിനീന്തി മറുകരയിലേക്ക്.
കാറ്റ് പതുങ്ങിയെത്തും
കിന്നാരംപറയാൻ നിക്കണ്ട.
കിനാക്കൾ 
പെയ്തിറങ്ങുന്നതു കാണാം. 
എണ്ണിയെടുക്കാൻ നോക്കരുത് 
അവർ പെയ്ത്ത് നിർത്തിയേക്കും.