പൊട്ടിവീണകാറ്റിന്റെ ചരട്
പൊട്ടാതെടുത്ത്
മുറ്റത്തു ഞാനൊരയ കെട്ടി.
പുലരി കൂവിയപ്പൊ
മഞ്ഞുമണക്കുന്ന പാട്ടുകളെ
ആറാനിട്ട്
കിളികളെങ്ങോ പറന്നുപോയി.
പതുങ്ങിയെത്തി
ചുണ്ടുകുടയുന്നു വെയില്.
ഞാനവരെ പെറുക്കിയെടുത്ത്
അടുക്കളത്തിട്ടേല് വെച്ചു.
നുറുക്കിയ കഷണങ്ങളിലേക്കും
നുരയ്ക്കുന്ന തിളയിലേക്കും
തലപൊന്തിച്ചിടയ്ക്കിടെയവർ
വെളിച്ചപ്പെട്ടുകൊണ്ടേയിരുന്നു.
മൂവന്തി കുളക്കടവിലിരുന്ന്
ഉച്ചത്തിൽ ചൂളംവിളിച്ചപ്പൊ
ഞാനവരെയെടുത്ത് തോളിലിട്ടു.
നനഞ്ഞാലവർക്ക്
പനിപിടിച്ചാലോന്നോർത്ത്
വാരിയെടുത്ത്
ചെമ്പകമരത്തിലൊതുക്കിവെച്ചു.
കടവ് കയറിച്ചെന്നപ്പോഴുണ്ട്
ചെമ്പകമരത്തിന്റെ കൈയിൽ
ഒരു കൊട്ടനിറയെ പാതിവിടർന്ന
തുടുത്ത മൊട്ടുകൾ.