2024, നവംബർ 27, ബുധനാഴ്‌ച


വരാന്തയിലേക്ക് കയറി 
തിട്ടയിലിരുന്ന് അസ്വസ്ഥതയോടെ 
കാലാട്ടിക്കൊണ്ടിരുന്നു 
കടുത്ത ചൂടിലായിരുന്നിന്നലെ.

താക്കോൽപ്പഴുതിലൂടെ 
ഞാനൊന്നു നോക്കി
ചുവരിൽ തൂക്കിയിട്ടിരിക്കുന്ന 
ഛായാപടങ്ങളിലേക്ക് 
നീണ്ടവിരലുകൾ പായിച്ചുകൊണ്ട്
പൊയ്പ്പോയ കാലങ്ങളെയവൻ ഓർത്തെടുക്കുകയായിരുന്നു
ഞാനൊന്നുകൂടി നോക്കി
കണ്ണുകൾ ചുവന്നിട്ടുണ്ടോ
മേലാസകലം വിയർത്തിട്ടുണ്ടോ.

തണൽകൊടുത്തും വീശിക്കൊടുത്തും 
മുറ്റത്തെ തെങ്ങോലകൾ 
യജമാനനോടുള്ള ആദരവുകാട്ടി       
താളമിട്ടു നിൽക്കുന്നുണ്ട്.

വാതിൽ തുറന്നു 
ഇപ്പൊ കണ്ടതേയുളളൂവെന്ന മട്ടിൽ 
ഊതിയാറ്റിയ കഞ്ഞിയും 
വൻപയറുപ്പേരിയും 
ചുട്ടപപ്പടോം ചമ്മന്തീം നിരത്തി
എന്തൊരു വിശപ്പ് എന്തൊരാക്രാന്തം.! 
ഞൊടിയിടകൊണ്ട് തീർത്തു.

ഉള്ളം നിറഞ്ഞു 
''വലിയവായൻ'' അറിയാതെ 
ഞാനൊന്ന് തുളുമ്പി.
 
ഓട്ടുപാത്രത്തിലെ വെളളമെടുത്ത് 
വായും കഴുകി 
സാരിത്തുമ്പു പിടിച്ച് 
കൈയും തുടച്ച് ഒരു കള്ളച്ചിരിയും.

ഇന്നലെയവൻ തന്നിട്ടുപോയതാണെന്റെ
പിൻകഴുത്തിലെ ഇമ്മിണി വല്യ 
കറുത്ത മറുക്.

___വെ(വി)യി(ര)ൽപ്പാട്_____

2024, നവംബർ 5, ചൊവ്വാഴ്ച

പൊതി തുറന്നുവെച്ചു
പാട്ടുകളോരുരുത്തരായ് വന്ന്
നിരന്നിരുന്നു. 
നോവിന്റെ കയത്തിൽ 
മുങ്ങിപ്പോയതും പാതിമുങ്ങിയതുമായ 
കുറേയക്ഷരങ്ങൾ.
ഊതിപ്പരത്തിയ ശ്വാസക്കാറ്റിൽ
എല്ലാവരും ഒന്നുണങ്ങി 
എഴുന്നറ്റിരുന്നു. 
ശേഷിച്ചവർ കാശിക്കുപോയ 
തൊണ്ടയെക്കുറിച്ചും നാവിനെക്കുറിച്ചും
പരസ്പരം ചോദിച്ച് 
നെടുവീർപ്പിന്റെ വക്കത്ത് പോയിരിപ്പായി 
വരവറിയിപ്പും പ്രതീക്ഷിച്ച്
പടിപ്പുരയിലേക്ക് കണ്ണുംകാതും നട്ട്
നിന്നുനിന്ന് വേരുറച്ചതുപോലെ
ചുണ്ടുകൾ പരസ്പരം മരവിച്ച്
ഒന്നായിപ്പോയിരുന്നു. 
പോയവർ 
അവിടെയേതോ രാഗത്തിലേക്ക്
കുടിയേറിയിട്ടുണ്ടാവുമോ? 
അതോ സ്നാനപ്പെട്ടതോ?
അതോ എന്നേക്കുമായി...?
ജനൽപ്പുറത്തുകൂടി കടന്നുപോയ കാറ്റ് 
ഒന്നും കേട്ടതായി നടിച്ചില്ല
ഏത് രാഗത്തിലായാലും വേണ്ടില്ല
ഒരറിയിപ്പ് കിട്ടിയിരുന്നെങ്കിൽ
പിണ്ഡംവെച്ച് പടിയടയ്ക്കാമായിരുന്നു
ഇതിപ്പോ................

2024, നവംബർ 1, വെള്ളിയാഴ്‌ച

സൂരിയനുണ്ടൊരു വാനം 
ചന്ദിരനുണ്ടൊരു വാനം
എനിക്കുമുണ്ടെൻ കരളിന്നുള്ളിൽ 
വിരിച്ചിടാനൊരു വാനം 
പരക്കെ വിരിച്ചിടാനൊരു വാനം.

നനുത്ത മഞ്ഞിൻകണങ്ങളൊക്കെ 
പതിച്ചുവെയ്ക്കാൻ ചുവരും 
നനഞ്ഞ കാറ്റിൻ ചുണ്ടിൽ നിന്നൊരു 
പൂന്തേൻ കിനിയുമുഷസ്സും
വരച്ചിടും ഞാൻ കരളിന്നുള്ളിൽ 
മഴവിൽകൊണ്ടൊരു വാനം.

വെളുക്കുവോളം കിനാക്കളൊത്ത് 
രമിച്ചിടാനൊരു രാവും 
കറുത്തരാവിൻ നെറ്റിയിൽനിന്നൊരു 
മുക്കുറ്റിത്തിരുചാന്തും 
ഉയിർത്തിടും ഞാൻ കരളിന്നുള്ളിൽ 
കൊതിച്ചിടുന്നൊരു വാനം. 

(വാൽക്കെട്ട്:പൂക്കൾക്കുണ്ടൊരു വാനം,പൂമ്പാറ്റയ്ക്കുണ്ടൊരു വാനം....)