ആണൊരുത്തന്
പത്താണ് തലയെന്നു വായിച്ച്
ഒരു കഴുത്തിന് പത്തുതലകൾ വരച്ച്
നിന്റെ സുന്ദരമായ രൂപം
വികൃതമാക്കിയ വിരലുകൾ
ഞാനെന്നേ മുറിച്ചു കളഞ്ഞതാണ്.
അതിർത്തി ലംഘിച്ചില്ല
തൊട്ടില്ല ഗർജ്ജിച്ചടുത്തതുമില്ല
അപഹരിച്ചത് നേര്
ഒരു കാലോ കൈയോ അല്ല മുറിച്ചത്
മൂക്കും മുലയുമാണ്
നിലവിളി ഞാനും കേട്ടതാണ്
കൂടെപ്പിറന്നവൻ മാത്രമല്ല
നീയൊരു രാജാവും കൂടിയാണ്
ഞാനോർത്തു
ആ അപമാനത്തിനു പകരമായി
അത്രയെങ്കിലും ചെയ്തില്ലെങ്കിൽ
ചരിത്രത്തിൽ നീയാര്.
കേട്ട കഥയിലെ പ്രതിനായകനല്ല
വീരനായ നീയെന്ന്
ഉറക്കത്തെ ഞാനെത്ര വട്ടം
പലവഴികളിലേക്ക് തിരിച്ചുവിട്ടു.
മറച്ചുപിടിച്ചൊരേട്...
അതിൽ നീയാണേറ്റവും വലിയ ഭക്തൻ
അതുകൊണ്ടുതന്നെയാണ്
ശത്രുവിന്റെ ജയത്തിനുവേണ്ടി
ശത്രുസമക്ഷമിരുന്ന്
അവനുവേണ്ടി പൂജചെയ്യേണ്ടിവന്നത്
എല്ലാമറിഞ്ഞുകൊണ്ടുള്ള
പൂർണ്ണസമർപ്പണം
( ഇങ്ങനെ വേണ്ടിയിരുന്നോ രാമാ..)
ഞാൻ നിന്നെ നോക്കിനിന്നു
നീ തന്നെയാണ് നായകനെന്ന്
ഒന്നല്ലൊരായിരം വട്ടം
ഞാനെന്നോട് മന്ത്രിച്ചു
അന്ന് പണിതുയർത്തിയതാണ്
നിനക്കായി ഞാനെന്റെ രാജ്യത്ത്
ഒരു മഹാക്ഷേത്രം.
.......രാവണ(രാമ)ൻ.........