2025, മേയ് 12, തിങ്കളാഴ്‌ച

അപരാജിതയുടെ 
                  നോട്ടുപുസ്തകം

ഓർക്കാപ്പുറത്തായിരുന്നു 
യുദ്ധപ്രഖ്യാപനം 
പ്രബലമായൊരു രാജ്യമായാണ് 
ഞാനെന്നെ കണ്ടതും കേട്ടതും 
ഞെട്ടിയില്ല'എന്നു പറഞ്ഞാൽ... 
ഏയ്  അതൊരു 
സത്യവിരുദ്ധ പ്രസ്താവനയാവും 
തോൽപ്പിക്കാനാവില്ല 
അതൊരു പ്രതിജ്ഞ തന്നെയായിരുന്നു
നന്നായി പോറ്റിവളർത്തിയ 
ജീവകോശങ്ങളോട്
സന്ധിയില്ലാതെ പൊരുതേണ്ടിവരിക 
കഠിനം 
വൈദ്യശാസ്ത്രത്തിന്റെ 
അത്യാധുനിക പടക്കോപ്പുകൾ 
സന്നാഹങ്ങൾ 
തൂവെള്ള കിടക്കവിരിയിൽ 
നീലനിറത്തിലെ കുപ്പായമണിഞ്ഞ്
ജാഗരൂകയായി ഞാനെന്ന രാജ്യം
കീമോ
റേഡിയേഷൻ
ബിഎംറ്റി
ഒന്നൊന്നായി പുറത്തെടുത്ത് 
അണുകിട തെറ്റാതെ 
നീണ്ടുനിന്ന യുദ്ധം 
മൈനസിലേക്ക് താഴുന്ന 
തണുത്ത വൈകുന്നേരങ്ങളിലും 
അതിരാവിലെകളിലും 
റേഡിയേഷന്റെ ബാക്കിപത്രമായ
കറുത്തിരുണ്ട തൊലി 
കുളിമുറിയിലെ വെളിച്ചത്തിൽ 
അടർന്നു വീഴുമ്പോൾ
ജയിക്കാനുള്ളതാണ് 
നിനക്കീ യുദ്ധമെന്ന ധൈര്യപ്പെടൽ 
വലംകൈയിലെ പിക് ലൈനിലൂടെ 
വിലകൊടുത്തു വാങ്ങിയ
രക്തവും പ്ലേറ്റ്ലെറ്റും
ഊർജ്ജം പകരാൻ 
രാപകൽ ഇറ്റുവീഴുന്ന നേരത്ത്
ഇടംകൈയിൽ
രാജശ്രീ ടിഡി ഇന്ദുഗോപൻ കല്പറ്റ  മങ്ങാട്ടൊക്കെ
മാറിമാറി പുറംചട്ടയിലിരുന്ന് ചിരിച്ചു 
ഓക്കാനം മറന്നു 
യുദ്ധം യുദ്ധമെന്ന് തികട്ടി
ഒരു തുള്ളി കണ്ണീരും ചിന്താതെ
പര്യവസാനം
ഓരോ പ്രഭാതവും 
യുദ്ധം ഒരനിവാര്യതയായിരുന്നെന്ന്
പറഞ്ഞുകൊണ്ടിരുന്നു
തച്ചുടച്ചത് കൊടുംഭീകരതയുടെ
അടിമുടി വേരോടിയ
താവളം
കുത്തിവെച്ച കൊടിക്കൂറയ്ക്ക് 
ചുവട്ടിലിരുന്ന്
നഷ്ടങ്ങളുടെ കണക്കെടുക്കുക
അത്
ഒരു ആഭ്യന്തരയുദ്ധത്തിന്റെ 
ഇരയായവൾക്ക് മാത്രം 
പിഴയ്ക്കാതെ എഴുതാൻ കഴിയുന്ന 
ദശാംശങ്ങളുടെ കണക്ക്.