വല്യ നാലാൾവലുപ്പമുള്ള
ആഞ്ഞിലിമരത്തിന്റെ
വയറിൽ ചേർന്ന് മറഞ്ഞുനിന്ന്
സന്ധ്യ പോയിക്കഴിഞ്ഞോന്ന്
അവള് താഴേക്ക് എത്തിനോക്കി
തുണിയൊതുക്കിപ്പിടിച്ച്
പതിയെ ചുവടുവെച്ചു
ഹാവൂ...
കുളക്കടവിനെ വാരിയെടുത്ത്
മുലക്കച്ചയുംകെട്ടി സന്ധ്യ
മുങ്ങാങ്കുഴിയിടാൻ പോയി
വരാന്തയിൽ നിലവിളക്കിനിരിക്കാൻ
വിരിച്ചിട്ടിരുന്ന
പുൽപ്പായ മടക്കിവെച്ച് അവളിരുന്നു
നിന്റെ കറുമ്പിപ്പശു
ഇന്നെത്ര നാഴി പാല് തന്ന്?
കള്ളത്തി പൂച്ച ഇന്നും
കറിച്ചട്ടീല് വലവിരിച്ച് മീൻപിടിച്ചാ?
കാറ്റ് കാറ്റെന്ന് ചൂണ്ടിപ്പറഞ്ഞ്
മഴ ഓടിവന്ന് ചുറ്റിപ്പിടിച്ചാ?
അത്താഴത്തിനിന്നെന്തൊക്കെയാ
വിളമ്പിക്കൊടുത്തത്?
രാവിനെയുറക്കാനിന്നേതു പാട്ടാ?
കിനാവെഴുന്നള്ളുമ്പോ എന്താ
വിശേഷപ്പെട്ടത് കൊടുക്കാൻ?
പോ പെണ്ണേ കൊഞ്ചാതെ
ഞാനവളുടെ കവിള് നുള്ളിയെടുത്തു
ചിരിയെ കുറേക്കൂടി വെളുപ്പിച്ചു
പെണ്ണ്
മുറ്റത്തിറങ്ങി
നിഴലുകളെയും മടിയിലിരുത്തി
അവള് ഊഞ്ഞാലാടുന്നതും നോക്കി
ഞാനിരുന്നു
നരച്ചും വെളുത്തും
അവൾക്കു ഞൊറിഞ്ഞുടുക്കാൻ
ഒരേയൊരു പുടവ
ഉള്ളൊന്നു കറുത്ത് പെയ്തു
നാളെ
നാളെ മഴവില്ല് ഓടിവന്ന്
ഉച്ചിയിൽ ചിരിച്ചുനിൽക്കുമ്പോ
അവൾക്ക് പുടവ നെയ്തവനോട്
ഞാൻ ചോദിക്കും
പ്രിയപ്പെട്ട നെയ്ത്തുകാരാ,
അതുപോലെ അതുപോലൊരെണ്ണം
എന്റെ നിലാവിനും.........