2025, ജൂൺ 27, വെള്ളിയാഴ്‌ച

അമ്മമ്മേടെ പേര് ലക്ഷ്മി 
അമ്മമ്മേടമ്മേടെ പേര് സരസ്വതി
അമ്മേടെ പേര് സീത 
എന്റെ പേര് ദുർഗ്ഗ 
എന്റെ മകളുടെ പേര് ജാനകി 
നോക്കണെ
എല്ലാരും ദൈവങ്ങളായ പെണ്ണുങ്ങൾ
പത്രപാരായണത്തിനിടെ 
എന്താ കഥയെന്നതിശയിച്ച്
കണ്ണട താഴ്ത്തി
അച്ഛനവളോട് ചോദിക്കുന്നതു കേട്ടു 
'ജാനൂട്ട്യേ നെന്റെ പേര് 
മാറ്റേണ്ടി വര്വോ?'
സംശയനിവാരണത്തിന്
ജാനകി അകത്തേയ്ക്കോടി
അടുത്ത മുറീന്ന് 
ഉച്ചസ്ഥായിയിലെത്തുന്നൊരൊച്ച
പൊട്ടിച്ചിരിച്ചതാണ്  'ജനകൻ.'




2025, ജൂൺ 26, വ്യാഴാഴ്‌ച


അന്തിക്കു കവലയിൽ 
കൂട്ടരെ പിരിയുന്നോ-
രച്ഛനെ തിരഞ്ഞെന്റെ 
കണ്ണുകൾ കലങ്ങുന്നു.

നോക്ക് മേലേയ്ക്കെന്ന് 
വിരലിൽ പിടിച്ചൊരു
കാറ്റു വന്നലയ്ക്കുന്നു 
പെട്ടെന്നു മുളച്ചപോൽ.

ആകാശക്കവലയിൽ
തെളിഞ്ഞു നിൽക്കുന്നതാ 
കൂട്ടരെ പിരിഞ്ഞൊരു
മിന്നുന്ന പൊൻതാരകം.

നോവിന്റെ തിരിനീട്ടി 
വഴി കാണിക്കേയെന്റെ 
മുന്നിലായ് പറക്കുന്നു 
താരമായ് മിന്നാമിന്നി..!

2025, ജൂൺ 19, വ്യാഴാഴ്‌ച




കാറ്റടങ്ങിയ മട്ട്
അടുക്കളത്തിട്ടയിൽ
പാഞ്ഞുകയറി 
കലം മറിച്ചിട്ട ഭ്രാന്തൻ 
മഴ.
വിശപ്പടക്കാൻ
വീടിനെയപ്പാടെ വിഴുങ്ങിയ 
പുഴ.
ദിക്കറിയാതെ പായുന്ന 
ജലത്തിന്റെ കൈകളിലൂടെ
കാറ്റ് പിഴുതെടുത്തതിന്റെ 
ഒഴുക്ക്.
കാടിളക്കി മലതുരന്ന്
മുണ്ടിന്റെ കോന്തല പിടിച്ച് 
മൂക്കുചീറ്റി കയറിപ്പോകുന്നു 
എന്റെ വീടേ'ന്നൊരലർച്ച.....



2025, ജൂൺ 8, ഞായറാഴ്‌ച

മുറിവടക്ക(യ്ക്ക)ൽ

ഇടവഴിനേരം
കിതയ്ക്കുന്നുണ്ട്
നടന്നു നടന്ന്.
പുഴ കാത്തുകിടക്കുന്നുണ്ട്
നിറഞ്ഞു നിറഞ്ഞ്.
വൈകിയെന്നൊരു കാറ്റ് 
പറന്നുപോകുന്നുണ്ട്
ആരോടെന്നില്ലാതെ
പറഞ്ഞു പറഞ്ഞ്. 
നീട്ടിപ്പിടിച്ച കാലുകളിൽ 
തണുത്ത വെള്ളമങ്ങനെ
താളമിടുന്നുണ്ട് 
മെല്ലെ മെല്ലെ.
തൊട്ടാവാടി കോറിയിട്ട മുറിവ്
ഞാൻ ഞാനെന്ന്
ഉമ്മകൊണ്ട് മൂടുന്നു പരൽമീനുകൾ.
തെളിഞ്ഞു തെളിഞ്ഞ്
ആട്ടം തുടങ്ങുന്നു നിഴലുകൾ.
രാവ് രാവെന്ന് 
കൂട്ടംതെറ്റാതെ കിളികൾ.
ഈറൻ മാറട്ടെ.....
കനലണയാത്ത മണ്ണടുപ്പ്
ചൂട് ചൂടെന്ന്
നെഞ്ചത്തൊരുക്കിവെച്ചിരിക്കുന്നു
പാൽക്കഞ്ഞി.
നെറയെ നെറയെയെന്ന്
കിണ്ണമറിയാതെ വിളമ്പിക്കൊടുക്കണം.
ചൂട്ടുകറ്റ കുത്തിയണച്ച് 
വേഗം വേഗമെന്ന്
തടുക്ക് നിവർത്തിയിട്ടിരിപ്പാണ് 
കറുത്ത രാവ്.

2025, ജൂൺ 2, തിങ്കളാഴ്‌ച

പാഠം.1 'കരി'

മദംപൊട്ടി വന്ന 
മഴ 
ചതച്ചരച്ചതാണെന്റെ 
മൺവീട്
നെഞ്ചത്തടിച്ചു കരഞ്ഞ 
മണ്ണെണ്ണവിളക്കും 
വാവിട്ടുകരഞ്ഞ തിണ്ണയും 
മലമുഴക്കുന്നുണ്ട് 
മരമുകളിലിരുന്നൊരു 
വാക്ക്.
-----------
നിന്റെയൊരു 
വാക്കിന്റെ കളിവഞ്ചി മതി- 
യെനിക്കീ 
കയമൊക്കെ മുറിച്ചുകടന്ന-
ക്കരെയെത്താൻ. 
നീ.....
ഒരു വിരൽകൊളുത്തുകൊണ്ട്
ഒരു കൊടുംകാറ്റിനെ
കിളിമരക്കൊമ്പത്ത് പിടിച്ചുകെട്ടിയവൻ.