മനസ്സില് നിന്നു മായാതെ നില്ക്കുന്ന , ഞാന്‍ കണ്ട, ആദ്യത്തെ ഭിക്ഷാംദേഹിയുടെ ചിത്രം എന്റെ
പതിനൊന്നാം വയസ്സിലേത് .മറവിയുടെ തിരകള്‍ക്ക് വിട്ടുകൊടുക്കാതെ എന്റെ ഹൃദയത്തോട് പിടിച്ച ഒരു സ്നേഹചിത്രം .
അമ്മയോടൊപ്പം സ്കൂളിലേയ്ക്ക് പോകാന് ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല . അമ്മ ,
നടക്കുകയല്ല , ഓടുകയായിരുന്നു പതിവ് . അച്ഛനും മക്കള്ക്കും ചോറുപാത്രവും ഒരുക്കി
സ്വന്തം കാര്യങ്ങളും നോക്കി ഇറങ്ങുമ്പോള് അമ്മയുടെ വഴികള്ക്ക് വേഗത അറിയാതെ
കൂടിക്കൊണ്ടിരുന്നു . ആ തിരക്ക് , കണ്മഷി ഇടീലും പൊട്ടുകുത്തലും പൂവ്ചൂടലും
ഒക്കെ വെറുപ്പായി എന്നിലേയ്ക്ക് ആവേശിച്ചിരുന്നു . അതുകൊണ്ടുതന്നെ കെട്ടിവയ്ക്കാത്ത,
എന്റെ ഇടതൂര്ന്ന നീളന് തലമുടി എപ്പോഴും സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചിരുന്നു.
വീട്ടില് നിന്നിറങ്ങി സ്കൂളിലെത്തും വരെ എനിക്കൊരുപാട് കാര്യങ്ങള് ചെയ്തു
തീര്ക്കാനുണ്ടാവും . തലേദിവസം കൂട്ടുകാര് പിരിയാന് നേരം പറഞ്ഞുറപ്പിച്ച സ്ഥലങ്ങളില്
അടയാളമായി കല്ലുകള് വച്ചിട്ടുണ്ടോ എന്ന് നോക്കി ഓരോരുത്തരെയും കൂട്ടണം , കല്ല്
കണ്ടാല് പിന്നെ വൈകുന്നേരം വരെ നേരത്തേ പോയവളോട് മിണ്ടാന് പാടില്ല എന്ന്
പ്രതിജ്ഞയെടുക്കണം , കൂട്ടുകാരിയുടെ അമ്മ ' ചിരിക്കുടുക്കെ ' എന്ന് തേനൂറും വിധം
വിളിക്കുന്നത് കേട്ട് പൊട്ടിച്ചിരിക്കണം , അവരുടെ വീട്ടിലെ പശു തലേന്ന് പെറ്റിട്ട
പശുക്കിടാവിനെ കാണണം , ഏതെങ്കിലും വീട്ടിനു മുന്നിലോ കയാലയിലോ കാണാത്ത
പൂക്കള് വിരിഞ്ഞിട്ടുണ്ടോ എന്നുനോക്കണം , റോഡരികില് കിടന്നു കരയുന്ന , അമ്മ
ഉപേക്ഷിച്ച പട്ടിക്കുട്ടിയെ നോക്കിനിന്നു നെടുവീര്പ്പിടണം , തലേദിവസം രാത്രി വായിച്ച
കഥകള് പൊടിപ്പും തൊങ്ങലും ചേര്ത്തു കൂട്ടുകാരോട് വിളംബണം അങ്ങനെ നൂറു
കൂട്ടം കാര്യങ്ങള് . സവാരി ആഘോഷമാക്കിയിരുന്നെങ്കിലും ഒരിക്കല് പോലും ഞങ്ങള്
ക്ളാസ്സില് വൈകി എത്തിയിരുന്നില്ല .
സമയം എന്നോട് ഒരലിവുമില്ലാതെ പാഞ്ഞുപോയ ദിവസം , അടയാളമായി
കല്ലുകളെല്ലാം നിരന്നിരിക്കും എന്ന വിശ്വാസത്തില് ഞാന് കുറുക്കു വഴിയിലൂടെ
വേഗത്തില് നടന്നു , വലിയ കാവും ചെറിയ അംബലവും കടന്ന് കുത്തനെയുള്ള
ഇറക്കം കഴിഞ്ഞാല്
ചെറിയ ഒരു കുളം , കുളത്തിന്റെ അടിത്തട്ടിലെ പല വലിപ്പത്തില്
ഉരുണ്ട കല്ലുകളും വായ തുറന്നു മുകളിലേയ്ക്ക് വരുന്ന ചെറുമീനുകളും , ഒരു നിമിഷം
ഒന്നു നോക്കി , ചോറുപാത്രം തുറന്ന് മീനുകള്ക്ക് ഭക്ഷണവും കൊടുത്ത് കൂടുതല്
നേരം നില്ക്കാന് സമയമില്ലെന്നു പറഞ്ഞ് , കുളിരുള്ള വെള്ളത്തില് കാല് നനച്ച് , ഞാന്
വയല് വരമ്ബിലേയ്ക്കിറങ്ങി . നെല്ചെടിയെ നോവിക്കാതെ , കതിര് പൊട്ടിച്ചെടുത്ത്
അതിനുള്ളിലെ പാലിന്റെ സ്വാദ് ആസ്വദിച്ചുകൊണ്ട് , നാക്കിനടിയില്പെട്ട നെല്ല് പിടി
തരാതെ ..അങ്ങോട്ടുമിങ്ങോട്ടും മാറാതെ വേദനിപ്പിച്ചതും അറിഞ്ഞുകൊണ്ട് നടന്നു .
മനസുനിറയെ തലേന്നു രാത്രി വായിച്ച അമ്പിളി അമ്മാവനിലെ രാജകുമാരനും
രാജകുമാരിയുമായിരുന്നു . പരന്നു കിടക്കുന്ന ആ പാടത്തിനു മുകളിലൂടെ രാജകുമാരന്
പറന്ന് ഇറങ്ങുമെന്നും എന്നെ ഞൊടിയിട കൊണ്ട് സ്കൂളിന്റെ മുറ്റത്ത് എത്തിക്കും
എന്നും സ്വപ്നം കണ്ടുകൊണ്ട് ഞാന് വേഗം നടന്നു .
പെട്ടെന്നാണ് വരമ്പിന്റെ അങ്ങേ തലയ്ക്കല് നിന്ന് ഒരു രൂപം എന്റെ നേരെ
നടന്നടുക്കുന്നത് ഞാന് കണ്ടത് . മാറി നടക്കാന് വഴിയില്ലാതെ , പിന്തിരിഞ്ഞോടാന്
ശക്തിയില്ലാതെ ഭാരം താങ്ങാന് ആവാത്ത കാലുകളുമായി ഞാന് നടക്കാന് ശ്രമിച്ചു .
ഹൃദയത്തിന്റെ മിടിപ്പ് , ചെണ്ട കൊട്ടലിനേക്കാള് ഉച്ചസ്ഥായിയിലാവുന്നതും അറിഞ്ഞ് ,
പാറിപ്പറക്കുന്ന തലമുടിയില് എന്നെ ഒളിപ്പിക്കാന് പണിപ്പെട്ട് ഞാന് നിന്നു.
ആ രൂപം അടുത്തെത്തി , കീറിത്തൂങ്ങിയ ഉടുപ്പ് , വെള്ളം കണ്ടിട്ടേയില്ലാത്ത
മുഷിഞ്ഞ മുണ്ട് , തോളില് തൂങ്ങുന്ന തുണിസഞ്ചി , നീണ്ടു വളര്ന്ന തലമുടിയില്
കറുപ്പും ചുവപ്പും വെള്ളയും നിറങ്ങള് . നീട്ടിവളര്ത്തിയ താടിയില് പരതി നടക്കുന്ന
വിരലുകള് , എവിടെയൊക്കെയാണ് ഈ രൂപത്തെ ഞാന് കണ്ടതെന്ന് ഓര്ത്തെടുക്കാന്
കഴിയാതെ , ദയനീയമായി , ഭീതിയോടെ ഞാന് അയാളെ നോക്കി . അയാളുടെ മുഖം
ശാന്തമായിരുന്നു , ഒരു കാല് വരമ്പിന്റെ വെളിയിലേയ്ക്കിട്ടു , എനിക്ക് കടന്ന് പോകാന്
ഇടം തന്നുകൊണ്ട് അയാള് നിന്നു . ഒരുവട്ടം കൂടി ഞാന് ആ മുഖത്തേയ്ക്ക് നോക്കി ,
അയാള് , തന്റെ വിരലുകളെല്ലാം ചേര്ത്തുപിടിച്ചു എന്റെ താടിയില് മെല്ലെ തലോടി ,
വേഗം പൊയ്ക്കൊള്ളാന് പറഞ്ഞു . എന്റെ കാലുകള്ക്ക് ചലനശേഷി കൈവന്നതായി
ഞാനറിഞ്ഞു .
ഞാന് തിരിഞ്ഞു നോക്കി , അകന്നകന്ന് ഒരു പൊട്ടുപോലെ മറയുന്ന
ആ രൂപം മനസ്സില് വേദനയയായി പടരുകയായിരുന്നു . പുസ്തകത്തിനകത്ത് മടക്കി
വച്ചിരുന്ന തൂവാലയെടുത്ത് ഞാനെന്റെ മുഖം തുടച്ചില്ല ,
വരമ്പിന്റെ ഓരത്തെ തോട്ടില് തെളിനീര് ഒഴുകിയിരുന്നെങ്കിലും
ഞാന് എന്റെ മുഖം കഴുകാന് മിനക്കെട്ടില്ല , അയാളുടെ വിരലുകള് വൃത്തിഹീനമായിരുന്നു എന്നറിഞ്ഞിട്ടും . ആ
സ്നേഹത്തിന്റെ സ്പര്ശം മാഞ്ഞുപോയാലോ ..അതവിടെത്തന്നെ ഇരുന്നോട്ടെ ...ഞാന് ,
ഉത്സാഹത്തോടെ സ്കൂളിലേയ്ക്ക് കുതിക്കുകയായിരുന്നു .