2011, മേയ് 20, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ : ...

അതിഥി ദേവോ ഭവ : ...അമ്മയില്‍ നിന്ന് കേട്ടും കണ്ടും
പഠിച്ച ഒരു പാഠം . നിറഞ്ഞ ചിരിയോടെ അതിഥിയെ
സ്വീകരിക്കുക ..നിറഞ്ഞ മനസ്സോടെ അവരെ യാത്രയാക്കുക ..
വിലപ്പെട്ട സമയം അവര്‍ നമുക്കായി മാറ്റിവച്ചതാണെന്ന്
അറിഞ്ഞ് ആദരിക്കുക ...

ഈ അവധിക്കാലത്ത്‌ ബന്ധുത്ത്വങ്ങളും സൌഹൃദങ്ങളും ഒന്നു
തേയ്ച്ചു മിനുക്കിയെടുക്കാന്‍ ഒരു മോഹം തോന്നി . ഉച്ചയൂണ്
കഴിഞ്ഞ് ഒന്നു മയങ്ങി . ആര്‍ക്കും ശല്യമാവാത്ത സമയം നോക്കി
ചെറിയ ഒരു യാത്ര , ഒരു ബന്ധുവീട്ടിലേയ്ക്ക് .

ഞങ്ങള്‍ ഗേറ്റിനടുത്ത് എത്തിയതും നായ വല്ലാതെ കുരച്ചു . അവന്‍
അവന്‍റെ ധര്‍മം നിര്‍വഹിക്കേ , ഗൃഹനാഥനും ഒപ്പം ഭാര്യയും
വാതില്‍ തുറന്നിറങ്ങി വന്നു . വളരെ ഹൃദ്യമായ സ്വീകരണം .
ഒന്നിനും തികയാത്ത സമയത്തെക്കുറിച്ചുള്ള വേവലാതികള്‍ ..കാണാന്‍
കഴിഞ്ഞതിലുള്ള സന്തോഷം ..നാട്ടു വിശേഷങ്ങള്‍ ..അതിനിടയില്‍ ഞാന്‍
മോളെക്കുറിച്ച് ചോദിച്ചു . ഉത്തരമെന്നോണം അവര്‍ അടച്ചിട്ടിരുന്ന
വാതിലില്‍ മുട്ടി വിളിച്ചു , അതിഥികളുടെ പേരും പറഞ്ഞു . കേട്ടു എന്ന്
അറിയിക്കാനായി അകത്തുനിന്ന് എന്തോ ഒരു ശബ്ദം പുറത്തും വന്നു .


ഭാവിയില്‍ ഒരു വലിയ എന്‍ജിനിയര്‍ ആകാനുള്ള കുട്ടിയാണ് .അവള്‍
തിരക്കിട്ട് പഠിക്കുകയാവും . മെല്ലെ തുറക്കുന്ന വാതിലും മനോഹരമായ
ചിരിയും പ്രതീക്ഷിച്ച് , ചായകൂട്ടലിന് സാക്ഷിയാവാന്‍ അടുക്കളയില്‍
പോകാതെ ഞാന്‍ വാതിലിലെയ്ക്ക് നോക്കിയിരുന്നു . കൈയില്‍ കിട്ടിയ
വാരികയിലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറാന്‍ കൂട്ടാക്കുന്നില്ല .തികട്ടി
വരുന്ന ഒരു ഓര്‍മയുടെ രൂക്ഷ ഗന്ധം ..

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ
അറ്റത്ത്‌ കൂട് കൂട്ടിയ കാലം .മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ച്
പഠിച്ച കൂട്ടുകാരനെ കാണണമെന്ന ഒരു മോഹത്തിനൊപ്പം കൂടി
ഞാനും കുട്ടിയും . ഒരു ആഘോഷം പ്രതീക്ഷിച്ച് ഞങ്ങളവിടെയെത്തി.
ചങ്ങാതിമാര്‍ പരിസരം മറന്നു.. പക്ഷെ വീട്ടമ്മയുടെ മുഖത്തുനിന്ന്
ഞാന്‍ വായിച്ചെടുത്ത അക്ഷരങ്ങള്‍ക്കൊന്നും വക്കുകളില്ലായിരുന്നു .
ആകെ വികൃതം .

തനി നാട്ടിന്‍പുറത്തുകാരിയായ എന്നെ കണ്ടിട്ട് ബോധിക്കാഞ്ഞിട്ടോ
അതോ നീളത്തില്‍ പിന്നിയിട്ട എന്‍റെ തലമുടിക്ക് ബോബുചെയ്ത
മുടിയുടെ മുതലാളിത്തം ഇല്ലാഞ്ഞിട്ടോ എന്തോ അവിടത്തെ കൊച്ചമ്മ ,
അടുപ്പില്‍ നിന്ന് ചായ നേരെ കപ്പിലേയ്ക്ക് പകര്‍ന്ന് , എന്‍റെ നാല്
വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു . കുട്ടിക്ക് ചായ തണുപ്പിച്ച്
കൊടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴൊക്കെ അവര്‍ മറ്റേതോ
ലോകത്തായിരുന്നു . ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകമാകാത്ത
മനസ്സുള്ള എന്‍റെ കുട്ടി മേശപ്പുറത്തു നിരത്തിയ നിറമുള്ള പലഹാരങ്ങള്‍
ആദ്യമായി കാണുന്നതുപോലെ എടുത്തു കഴിച്ചു . കുട്ടികളുടെ ഈ
സ്വഭാവവിശേഷം പല അമ്മമാരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍
കലി അടക്കിയിരുന്നു . നിര്‍ബന്ധിച്ചാല്‍ പോലും വീട്ടില്‍ നിന്ന് കഴിക്കാത്ത
സാധനങ്ങള്‍ പുറത്തുനിന്ന് കിട്ടിയാല്‍ ആക്രാന്തത്തോടെ കഴിക്കുമെന്ന
തത്വം ആ അമ്മയ്ക്ക് അറിയുമോ എന്നായിരുന്നു എന്‍റെ സംശയം .

കുഞ്ഞു വിരലുകള്‍ പണി തീര്‍ത്തു എന്നറിഞ്ഞ് അവര്‍ ബാക്കിവന്ന
ആ പലഹാരങ്ങള്‍ , എടുത്ത പാത്രങ്ങളില്‍ തന്നെ തിരികെയിട്ട് അടച്ചു
വച്ചു . അലങ്കരിച്ച് , അടുത്ത അതിഥികളെ സല്‍ക്കരിക്കാനായി.

ഓര്‍മകളെ തള്ളിമാറ്റിക്കൊണ്ട് ചായയെത്തി . സല്‍ക്കാരവും പിന്നെ
വര്‍ത്തമാനവുമായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ . തുറക്കാതിരുന്ന
ആ വാതിലില്‍ വീണ്ടും ഊക്കോടെ മുട്ടിവിളി . മോളെ ശല്യപ്പെടുത്തണ്ട
എന്ന് പറഞ്ഞ് ഞങ്ങള്‍ സന്തോഷപ്രകടനം നടത്തി ഇറങ്ങി .

നായ കുരച്ചില്ല . വേണ്ടപ്പെട്ട അതിഥിയാണെന്ന് അവന്‌ തോന്നിയോ
അതോ തുറക്കാതിരുന്ന വാതില്‍ ഞങ്ങള്‍ക്ക് തന്ന അവഹേളനം അവന്‍
മണത്തറിഞ്ഞതോ ???
**************************************************