2011, മേയ് 29, ഞായറാഴ്‌ച

കടിഞ്ഞൂല്‍ കനവ് ...

ഇന്നലെ ...
ഇരുട്ട് വിരുന്നിനെത്തിയ നേരം . കുളിരുംകൊണ്ടൊരു കാറ്റ്
ഓടി വന്നതറിഞ്ഞ് കൊതിയോടെ ഞാന്‍ മുറ്റത്തിറങ്ങി . കാറ്റിന്‍റെ
തലോടലില്‍ ഞാന്‍ കണ്ടു, മുറ്റത്തെ മുല്ലയിലും നിറയെ മൊട്ടുകള്‍ .
മേലേ മാനത്തെ കറുത്ത അമ്മയുടെ വെളുത്ത കുട്ടികള്‍ നിറഞ്ഞു
ചിരിക്കുന്നു . ചിരിച്ചു ചിരിച്ച് ഞാന്‍ ഒരുവനെ ഒരു നോട്ടം കൊണ്ട്
ഉള്ളംകൈയിലൊതുക്കി . വിരലുകള്‍കൊണ്ട്‌ അവനെ മൃദുവായി
പൊതിഞ്ഞുപടിച്ചു .
മുറ്റത്തെ പച്ചയില്‍ ഉള്ളംകൈയില്‍ പൊതിഞ്ഞ വെളിച്ചത്തെ
മടിയില്‍ വച്ച് ഞാനിരുന്നു . ഞങ്ങളെ ഉറ്റുനോക്കുന്നവര്‍ കേള്‍ക്കാതെ,
അറിയാതെ ഞാനവനോട് ഒരു സഹായം ചോദിച്ചു , അവന്‌ കടന്നു
ചെല്ലാന്‍ പറ്റാത്ത ഒരിടവും ഇല്ലെന്ന് എനിക്കറിയാമായിരുന്നു .എന്‍റെ
മനസ്സിനുള്ളില്‍ കടന്ന് ആദ്യമായ് ഞാന്‍ കണ്ട സ്വപ്നം എന്താണ്
എന്നറിയണം . അവനെ  താക്കോല്‍പഴുതിലൂടെ ഞാൻ കടത്തിവിട്ടു .

തിരികെ വരുന്നതും കാത്ത്  ആ കുളിരിൽ തുറന്നുപിടിച്ച വിരലുകളിൽ
നോക്കി ഞാനിരുന്നു .

നിമിഷങ്ങൾക്കുള്ളിൽ വിജയിയായി അവനെത്തി , അടുക്കിവച്ചിരുന്ന
പുസ്തകങ്ങളില്‍ ഏറ്റവും അടിയിലത്തേതുമായി . മഷിത്തണ്ടും
മയില്‍പ്പീലിയും വളപ്പൊട്ടുകളും കുറ്റിപ്പെന്‍സിലും കുന്നിമണികളും
സുന്ദരമായി വരച്ചു ചേര്‍ത്ത പുറം ചട്ടയുള്ള ഒരു പുസ്തകം .അവന്‍
എടുത്തുതന്ന പുറം ഞാന്‍ ആകാംഷയോടെ വായിച്ചു . ഒരിക്കലും
മറക്കാതിരിക്കാന്‍ വളരെ പണ്ട് ഞാന്‍ കുറിച്ചിട്ട വരികള്‍ .

''അസുഖവും ആശുപത്രിയും തന്ന വിരസമായ ദിവസങ്ങള്‍ .മുടി
നഷ്ടമായ തല കാണുമ്പോള്‍ എല്ലാറ്റിനോടും ദേഷ്യം . വാശിയോടെ
ഉണ്ടാക്കിയെടുത്ത ശീലങ്ങള്‍ . അവയില്‍ ഒന്നായിരുന്നു അമ്മയുടെ
മടിയില്‍ കിടന്ന് കഥ വായിച്ചു കേട്ട് ഉറങ്ങണം എന്നത് . ചുറ്റും
നിരത്തിയിട്ടിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ , കഥകളും കവിതകളും . അമ്മ നല്ല
ഈണത്തില്‍ ചൊല്ലുന്ന കവിതകളായിരുന്നു ചില ദിവസങ്ങളില്‍
ഏറെ ഇഷ്ടം .

കടലമണി തിരഞ്ഞുപോകുന്ന ഉറുമ്പിന്റെ പിറകെ പോയ ഒരുനാള്‍ .
ഉറുമ്പിനോടൊപ്പം മുട്ടില്‍ ഇഴയുമ്പോള്‍ മുന്നില്‍ തങ്കക്കൊലുസ്സിട്ട
കാലുകള്‍ . കൊലുസ്സുകള്‍ക്ക് മുകളില്‍ കസവുപാവാടയുടെ തിളക്കം .
മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വിരല്‍ നീട്ടിനില്‍ക്കുന്നു ചന്ദനത്തിന്റെ
നിറമുള്ള ഒരു പെണ്‍കുട്ടി . എന്‍റെ അതേ പ്രായം . അവളുടെ വിരലില്‍
പിടിച്ചനേരം ഞാനും അവളും ഇരട്ട പെറ്റ കുട്ടികളെപ്പോലെ തോന്നിച്ചു .
അവള്‍ എന്‍റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് എന്നെയും കൊണ്ട് ,
പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്വര്‍ണത്തേരിനടുത്തെയ്ക്കു നടന്നു .
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പറന്നു , മാനത്തെ കൊട്ടാരത്തിലേയ്ക്ക് .
ആദ്യമായി ഞാന്‍ സ്വര്‍ഗ്ഗകവാടത്തിലൂടെ കടക്കുകയായിരുന്നു . അന്ന്
ഞാന്‍ വായിച്ച കഥകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒന്നൊന്നായി
അവള്‍ എനിക്ക് കാണിച്ചുതന്നു .

പെട്ടെന്ന് ഭാരം വച്ച് , താഴേയ്ക്ക് വീണതുപോലെ ഒരു തോന്നല്‍.എന്റെ തല

എപ്പോഴാണ് അമ്മയുടെ മടിയില്‍ നിന്ന് തലയിണയിലേയ്ക്ക്  മാറിയത്  ....
നന്നായി കണ്ണുകള്‍ തിരുമ്മിത്തുറന്ന് മുട്ടോളമെത്തുന്ന വെള്ളപെറ്റിക്കോട്ടിൽ 

തൊട്ടുനോക്കി . നിലക്കണ്ണാടിയില്‍ പതിയാത്ത പട്ടുപാവാടയും കൊലുസ്സും .
പൊട്ടിക്കരയാന്‍ തോന്നി .മുറ്റത്തേയ്ക്ക് ഓടിയിറങ്ങി .മാനത്തെകൊട്ടാരം മേഘം 
വിഴുങ്ങിയിരിക്കുന്നു .തിളക്കമുള്ള ഒരു പളുങ്കുപാത്രം പകരം വച്ചിരിക്കുന്നു .''

വെളുത്തകുട്ടിയെ കറുത്തഅമ്മയ്ക്ക്
തിരികെ കൊടുക്കാൻ നേരമായിരിക്കുന്നു .
സുന്ദരമായ പുറം ചട്ടയുള്ള പുസ്തകവും ഇരുളില്‍
മറഞ്ഞു . യാത്ര പറയും മുമ്പേ
ഉള്ളം കൈയില്‍ പൊതിഞ്ഞ ആ
വെളിച്ചത്തെ കണ്ണുകളില്‍ ചേർത്തുപിടിച്ച്‌
ഞാന്‍ പറഞ്ഞു , '' ഇനിയും ഞാന്‍ നോട്ടമെറിയും , നീ  അരികിലെത്തണം
പുസ്തകമെടുക്കണം എന്‍റെ വായനയ്ക്ക് വെളിച്ചമാകണം ''


***************