2011, മേയ് 25, ബുധനാഴ്‌ച

ഒരു പഴങ്കഥ ...



ഇരുപ്പുറയ്ക്കാതെ അനങ്ങിത്തുടങ്ങി  എൻറെയൊരു പല്ല് .
എത്രയും വേഗം  അതിനെ താഴെയിറക്കി കൈയില്‍വച്ച് ഒന്നു
കാണണം .
നാക്കും വിരലുകളുംമത്സരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു .
ദിവസവും രാവിലെ അച്ഛന്‍റെ മുന്നില്‍ ഹാജരാകും .
ഓരോ ദിവസവും നാളെ വീഴും എന്ന് അച്ഛന്‍ പറയും .
പിന്നെ നാളേയ്ക്ക്  വേണ്ടിയുള്ള  കാത്തിരിപ്പ് .

ചേട്ടന്‍ പറഞ്ഞു, അത് വയറിനകത്ത്‌ പോയി , അവിടെ കിടന്നുവളര്‍ന്ന് ഒരു വലിയ  വെളുത്ത പാറയാവുമെന്ന് .
ചേട്ടന്‍ പലതവണ സ്വയം പല്ല് പറിച്ചെടുക്കുന്ന വിദ്യ കണ്ടിട്ടുണ്ട് .
പല്ലില്‍ നൂല് കെട്ടി നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ല്‌ കെട്ടി ,....
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഗമയില്‍ നടന്നു പോകുന്ന
ചേട്ടനെ അന്തംവിട്ട് ഞാനങ്ങനെ  നോക്കിനിൽക്കും .
ചേട്ടന്റെ മോണയില്‍ നിന്ന് കിനിയുന്ന  രക്തം കണ്ട തളര്‍ച്ചയില്‍
ആ ധീരതയ്ക്ക് മാർക്കിടും , പറയില്ല , ഗമ കൂടിയാലോന്നോർത്ത് !

കാത്തിരുന്ന ആ സുദിനം വന്നെത്തി, അച്ഛന്റെ അവധിദിവസം .
ഞാന്‍ ധൈര്യം സംഭരിച്ച്  അടുത്ത് ചെന്നു .
നോവിക്കരുതെന്ന അപേക്ഷയില്‍ അച്ഛന്‍ ഒപ്പിട്ടു .ചേട്ടന്‍റെ വിദ്യയില്‍ നിന്നും അല്പം വ്യത്യാസമുണ്ടെന്ന് അച്ഛന്‍ .
അച്ഛന്‍ നൂലുകൊണ്ട് പല്ലില്‍ശ്രദ്ധയോടെ ഒരു കുരുക്കിട്ടു .
അമ്മ അടുക്കളയിൽനിന്ന് എത്തിനോക്കിയിട്ട്  , പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്ക് എന്തുകാര്യം എന്ന മട്ടില്‍ തിരിഞ്ഞു നടന്നു .

അപ്പോഴാണ്‌ മുറ്റത്തെ തെങ്ങിന്‍ചോട്ടില്‍ , കുളിച്ച്‌ സുന്ദരിയായി
നിന്ന് അയവിറക്കുന്ന നന്ദിനിയെ ശ്രദ്ധിച്ചത് .
അവളുടെ പുറത്ത് ഒരു കാക്ക ചെന്നിരുന്ന് ചെവിയില്‍ കൊത്തുന്നു .
ചെവി മുറിഞ്ഞ് ചോര വരില്ലേ ? അവള്‍ക്ക് നോവില്ലേ ?
കാക്കയെ ഓടിക്കാനായി അറിയാതെ ഞാന്‍ എണീറ്റതും
എന്‍റെ പല്ല് അച്ഛന്‍റെ മടിയിൽ  തെറിച്ചു വീണതും ഒരുമിച്ച് .
അങ്ങനെ എനിക്ക് കരയാനുള്ള ഒരവസരം കൂടി നഷ്ടമായി .

പണി പകുതിയാക്കിക്കൊടുത്തു എന്ന് ചിരിച്ച്‌  അച്ഛന്‍ വേഗം
കൂജയിലെ വെള്ളം വായിലേയ്ക്ക് ഒഴിച്ചുതന്നു.
'നൊന്തോ എന്ന അച്ഛന്റെ ചോദ്യത്തിന്  'ഇമ്മിണി 'എന്നൊരുത്തരവും
കൊടുത്ത്  ആ പല്ല് ഒരു പഴുത്ത പ്ലാവിലയില്‍ എടുത്തുവച്ച്
കണ്ണുനിറയെ കണ്ടു .
അമ്മയെ ആ 'വിശിഷ്ട വസ്തു കാണിച്ചു കൊടുത്തിട്ട് നേരെതൊഴുത്തിലേയ്ക്ക് പോയി, അത്  ഊക്കോടെ മുകളിലേയ്ക്കെറിഞ്ഞു.
ചത്ത പല്ലിന് ഓലപ്പുരയ്ക്ക് മുകളിലാണത്രേ  സ്ഥാനം .
കണ്ണാടിയെടുത്ത് എന്‍റെ നഷ്ടം അച്ഛന്‍ കാണിച്ചു തന്നു .വലിയ ഒരു വിടവ് .
എനിക്ക് സങ്കടം വന്നു . ചുണ്ടുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് , ഞാനപ്പോള്‍
ഒരു ശപഥം ചെയ്തു . ഇനി പുതിയ പല്ല് വരുന്നതുവരെ ചിരിക്കില്ല .
ആ ശപഥത്തിന്റെ ആയുസ്സ് മാത്രം കൃത്യമായി എനിക്കോര്‍മയില്ല .