പരിഭവം പറയാതെ അടുക്കള കാക്കുന്നവളെ
കണ്ടുകണ്ട് അലിവു തോന്നിയിട്ടാവും
ഇന്നത്തെ പുലരി ഒരു സമ്മാനപ്പൊതി
ജനാലവഴി നീട്ടിത്തന്നത് .
നിവർത്തിപ്പിടിച്ച് ഒരു നിമിഷം
ഞാനൊരു ആലീസായി
അത്ഭുതലോകം കണ്ട് മതിമറന്ന അതേ ആലിസ്
കടുക് പൊട്ടുന്ന ഒച്ചയെ തോൽപ്പിച്ച്
ഓടിവന്ന് കുടുകുടെ പെയ്തൊടുങ്ങി ഒരു മഴ
തക്കംനോക്കിയിരുന്നതുപോലെ
ഓടിയെത്തി, ചിരിച്ചുനിന്നു
പൊന്നിൽ കുളിച്ച് , ഒരു വെയിൽ
അവളോട് കിന്നാരം പറയാൻ
ചൂളം വിളിച്ച് , ചുരം കയറിയെത്തി
ഒരു താന്തോന്നിക്കാറ്റ്
മരങ്ങൾ കൂട്ടത്തോടെ ഒന്നുലഞ്ഞു
അവർക്കുമെലെയൊരു വസന്തമാകാൻ
നീർത്തുള്ളികൾ തുരുതുരെ അടർത്തിയിട്ട്
ആടിയുലഞ്ഞു പച്ചിലക്കൂട്ടങ്ങൾ
വെയിലിനെ മുത്തിച്ചുവന്ന് , ചുവപ്പിച്ച്
ഊർന്നുവീണു കുഞ്ഞുഗോളങ്ങൾ !
വജ്രപ്പതക്കങ്ങളുടെ ഒരു മായികലോകം!
അനുഭവിച്ചിട്ടില്ല ഞാനിതുവരെയിങ്ങനെ .
ഇനിയുമൊരു കാറ്റ് പൊൻവെയിൽ തേടിവന്നാൽ
അടർത്തിയിടാൻ ഒരു നീർമണിയില്ലെന്ന്
കരയുന്ന മരങ്ങളെ നോക്കി
ഞാനുമെന്റെ അടുക്കളയും വീണ്ടുമൊരു
മഴകാത്ത് , വെയിൽ കാത്ത് ............