2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ജീവി ഞെരിഞ്ഞമർന്നു മരണപ്പെടുന്നതിന്
ഒരു താളമുണ്ടെന്ന് നിങ്ങളാരെങ്കിലും  അറിഞ്ഞിട്ടുണ്ടോ?

ഞാനറിഞ്ഞിട്ടുണ്ട്‌
ഒരിക്കലല്ല  പലതവണ.
ഒരുറുമ്പിനെപ്പോലും 
നോവിക്കാൻ പാടില്ലെന്ന്
ആവർത്തിക്കുമ്പോഴും കേൾക്കാൻ കൊതിച്ചിട്ടുണ്ട്
ആ ഒരു കുഞ്ഞുസ്വപ്നത്തിനായി നോമ്പുനോറ്റിട്ടുമുണ്ട്.

പുഴയുടെയും മലയുടെയും നാട്ടിൽ നിന്നായിരുന്നു
എന്റെ അമ്മമ്മ ഇടയ്ക്കിടയ്ക്ക് 
വിരുന്നു വന്നിരുന്നത്.
കൂടെ ഒരു സഞ്ചി നിറയെ വിയർത്തുണ്ടാക്കിയ വിളകളും
ആരും കാണാത്ത കൊട്ടയിൽ 
എനിക്കുള്ള കഥകളും.

തലയിണയെക്കാൾ സുഖംതരുന്ന 
ആ കൈയിൽ തലവെച്ച്
ഒരു കിളിക്കുഞ്ഞിനെപ്പോലെ ചൂടേറ്റു ഞാനമർന്നു കിടക്കും.
അപ്പോൾ  കൊടുംകാട് കയറിയ  ഒരു വേടനെപ്പോലെ
ആ വിരലുകളെന്റെ തലയിൽ 
പതുങ്ങിനടന്നു ലക്‌ഷ്യം കാണും.

കഥപറച്ചിൽ  
തൽക്കാലം നിർത്തിവെച്ചിട്ട് 
ചുണ്ടും നാവും ചേർന്ന്  വായുവിനെ  ആവാഹിച്ചെടുത്ത
ഒരു പ്രത്യേക രാഗത്തിന്റെ അകമ്പടിയോടെയാണ്
കട്ടിലിന്റെ പടിയിൽവെച്ച് കൂരിരുട്ടിൽ 
കൊല നടത്തുക.

താളിതേയ്ച്ചു കുളിപ്പിക്കാത്തതിന്  
അമ്മയെ കുറ്റംപറയും
'അവൾക്കെപ്പോഴാണിതിനൊക്കെ നേരമെന്നുടനെ തിരുത്തും
മുറിഞ്ഞു പോയ കഥ വീണ്ടുമൊരിക്കൽക്കൂടി കൂട്ടിത്തുന്നും
കേട്ടുകേട്ട് ഞാനുറങ്ങും
പിന്നീടെപ്പൊഴോ അമ്മമ്മയും.

ഒരിടത്ത് പനിച്ചുവിറച്ചു കിടന്ന എന്റെയടുത്തേക്ക്
മറ്റൊരിടത്ത് മരിച്ചുവിറങ്ങലിച്ചു കിടന്ന ഉടലിൽ  നിന്നാണ് 
അവസാനമായി  അമ്മമ്മ  ഇറങ്ങി  ഓടിവന്നത്.
ആ വിരലുകളുടെ മാന്ത്രികത  ഞാനറിയുന്നുണ്ടായിരുന്നു.

സങ്കടപ്പെരുമഴ പെയ്യുന്ന 
ചില രാത്രികളിൽ
അമ്മയുടെ മടിയിൽ തലവെച്ച്  കൊതിയോടെ  ഞാൻ  കിടക്കും
നിരാശയോടെ അമ്മ വിരലുകൾ പിൻവലിക്കുമ്പോൾ 
മറഞ്ഞുപോയ  വിരലുകളെയോർത്ത്  
എന്റെ നെഞ്ച് പിടയും.