2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാർ ആയിരുന്നത്രെ !!!
ഇതെന്തു ന്യായം ?.....................

അത്രി അനസൂയ ദമ്പതിമാരുടെ പുത്രനായ ചന്ദ്രൻ ........ !

അശ്വതി തുടങ്ങി ഇരുപത്തിയേഴു പെണ്ണുങ്ങളെ കല്യാണം കഴിച്ച് ,
അതിൽ ഒരുവളായ രോഹിണിയെ എപ്പോഴും അടുത്തുനിർത്തി ,
ഇരുപത്തിയാറു പെണ്‍മക്കളുടെ പരാതി കേട്ടുകേട്ട്  സഹിക്കാനാവാതെ
ദക്ഷനെന്ന പിതാവിൻറെ ശാപം ഏറ്റുവാങ്ങി ക്ഷയരോഗിയായി
ഭവിച്ച ചന്ദ്രൻ ........................!

മനോഹരയുടെ നാല് പുത്രന്മാരുടെ അച്ഛൻ ചന്ദ്രൻ .........!

അതീവ സുന്ദരിയായ താരയെന്ന ഗുരുപത്നിയെ പ്രണയിച്ച്, അവളെ
ചന്ദ്രഗൃഹത്തിൽ കൂട്ടിക്കൊണ്ടുപോയി ,അതിഭയങ്കര യുദ്ധത്തിനൊടുവിൽ
ഗുരുവിനു അവളെ വിട്ടുകൊടുത്ത് , ഒടുവിൽ കുഞ്ഞിന്റെ പിതൃത്വം
അവകാശപ്പെട്ട ഗുരുവിൽ നിന്ന് , താരയുടെ വ്യക്തമാക്കലിനെത്തുടർന്ന്
ബ്രഹ്മാവിന്റെ നിർദേശപ്രകാരം വീണ്ടെടുത്തു കൊണ്ടുപോയി വളർത്തിയ,
ബുധന്റെ അച്ഛൻ ചന്ദ്രൻ ...................!

ചാഗവർഗക്കാരുടെ( ആഫ്രിക്ക ) ഒരു കഥ ഇങ്ങനെ :

പണ്ട് സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാരായിരുന്നു.ഭൂമിയിൽ
താമസിച്ചിരുന്ന സൂര്യൻ , സുഹൃത്തായ നദിയെ തന്റെ ഒപ്പം
വീട്ടിൽ താമസിക്കാൻ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നു.തന്റെ വലിയ
കുടുംബം അങ്ങോട്ട്‌ ചെന്നാൽ സൂര്യനും ചന്ദ്രനും വഴിയാധാരമാവുമെന്നു
നദി പറഞ്ഞതു കേട്ട് സൂര്യൻ വീട് പുതുക്കി പണിതു . സുഹൃത്തിനു വിഷമം
തോന്നണ്ടാന്നു കരുതി നദി സൂര്യഗൃഹത്തിലേയ്ക്ക് കുടുംബസമേതം ഒഴുകാൻ
തുടങ്ങി .ജലനിരപ്പ് അടിക്കടി ഉയർന്നുകൊണ്ടിരുന്നു. സൂര്യനും ചന്ദ്രനും
വീടിന്റെ മേല്ക്കൂരയിലായി താമസം. എന്നിട്ടും തന്റെ വാക്ക് തിരുത്താതെ
സൂര്യൻ അവരെ സഹർഷം സ്വാഗതംചെയ്തുകൊണ്ടിരുന്നു.ഒഴുകിയൊഴുകി
നദി സൂര്യഗൃഹം മുഴുവൻ നിറഞ്ഞു, തുളുമ്പി, അങ്ങനെ സൂര്യചന്ദ്രന്മാർ
ആകാശത്ത് കയറിക്കൂടി അവിടത്തെ സ്ഥിരവാസികളായി .

" ഇത് കഥയല്ല,സ്വാരസ്യവുംഉള്ളർത്ഥവും നിറഞ്ഞ ലോകത്തിലെ ഏറ്റവും
സാധകമായ കവിതകളിലൊന്ന് .സ്വാർത്ഥതയില്ലാത്ത പ്രകൃത്യാഴം.''

( കടപ്പാട് : ലോക ഇതിഹാസകഥകൾ )

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച



മുടിനിറയെ പൂചൂടിയവളെ
കണ്ടു മോഹിച്ചതും
പൂവില്ലാതൊരു മുടി മുറിച്ചുവാങ്ങി
മുറ്റത്ത്‌ കുടിയിരുത്തിയതും
വെയിലേറ്റു തളരാതെ കുടചൂടിച്ച്
തളിർ കാത്തിരുന്നതും
ഇലചൂടി നിറഞ്ഞ നാൾ പകലോനെ
കണിയായ്  കൊടുത്തതും
'മൊട്ടിടാത്തതെന്തേ'ന്ന് ചോദിച്ച്
മുള്ളിനെ പഴിച്ചതും
പിന്നെ  
മൊട്ടു കാണിച്ചൊരുഷസ്സിനെ
ഉമ്മവെച്ചുണർത്തിയണച്ചതും
'വിടരാത്തതെന്തേ'ന്ന്  കരഞ്ഞ്
കാൽമുട്ടിൽ മുഖംചേർത്തിരുന്നതും
പിന്നെ  
ചോരപോൽ ചുവന്ന ചുണ്ടിന്
കുളിരായ് കവിൾ കൊടുത്തതും.

കണ്ണുകെട്ടിക്കളിപ്പാണുള്ളിൽ
ഒരുപൂവൊരുവസന്തംതീർത്ത നാൾ'.


2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച


ഉറങ്ങിയുറങ്ങി,
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി .
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ ചാവുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവളിനിയും എത്തിയിട്ടില്ല.
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലിപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാതേച്ചി.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റ്റോറിലായിരുന്നു
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെനിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരപ്പെടുന്നു.
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
കുഞ്ഞുങ്ങളെ ആവോളമൂട്ടാൻ അമ്മചമഞ്ഞിരുന്ന ഒരുവളെ
കുഞ്ഞു തോർത്തു കൊണ്ട്  സാരിയുടുപ്പിച്ച്,
വലിയ ചിരിപൊട്ടുന്നിടത്ത് ,പിണങ്ങി  മുഖം കനപ്പിച്ച്‌
ഒടുവിൽ
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ,
അവനിന്നും അതേ പ്രായം.
കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .









2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

കല്പറ്റ കണ്ടിട്ട് ഒരു കാക്കയെക്കാണാൻ അഞ്ചുമാസം നോക്കിയിരിക്കേണ്ടി വന്നു .
ചിത്രങ്ങളിൽ മാത്രം കണ്ടതും അല്ലാത്തതുമായി ഒട്ടനേകം കിളികൾ ,പറന്നും  പാടിയും
ചിലച്ചും ....മലമുഴക്കിക്കൊണ്ട് ,പാടാനറിയാത്ത വേഴാമ്പൽ വരെ തൊട്ടടുത്ത്‌ !

ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാക്കപുരാണം വീണ്ടും നിവർത്തിവച്ചു .കുഞ്ഞു
ബഞ്ചിലിരുന്ന് വീട്ടുമുറ്റം വെടിപ്പാക്കിത്തരുന്ന കാക്കവിശേഷം കേട്ട് ,വർണങ്ങളില്ലാത്ത
ആ ചിറകുകളെ അറിയാതെ സ്നേഹിക്കാൻ തുടങ്ങി .പിന്നീട് അവധിദിവസങ്ങളിൽ ,
മുറ്റത്ത്‌ പായ വിരിച്ച് , ഉണക്കാനിടുന്ന പുഴുങ്ങിയ നെല്ലിനും ചന്ദ്രക്കലയുടെ ആകൃതിയിൽ
മാനത്തു നോക്കി വെളുക്കെ ചിരിച്ചു കിടക്കുന്ന തേങ്ങാചീളുകൾക്കും കാവലിരിക്കാൻ
തുടങ്ങിയപ്പോൾ അറിയാതെ വെറുക്കാൻ തുടങ്ങി . കഥയിലെ മോഹിപ്പിക്കുന്ന ഒരു
കഥാപാത്രമായി വേഷപ്പകർച്ചനടത്തി ഞാനൊന്ന് പറക്കാൻ തുടങ്ങുമ്പോഴാവും
അവറ്റകൾ പറന്നിറങ്ങി ,ചുണ്ട് നിറച്ച് ,എന്നെ പറ്റിച്ച് മറയുന്നത് . ' വകതിരിവില്ലാത്ത
ജന്തുക്കൾ ' എന്നൊരു പട്ടവും ചാർത്തി മാറ്റിനിർത്തി പിന്നീടെപ്പോഴും.വർഷങ്ങൾക്കു
ശേഷം ബലിച്ചോറുണ്ണാൻ കൈകൊട്ടിവിളിച്ചതു കേട്ട്  എങ്ങുനിന്നോ പറന്നു വന്ന
അവരെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി .മനുഷ്യൻ ഇങ്ങനെയൊക്കെയാണ് എന്ന്
ചിന്തിച്ച് കുറേക്കൂടി ചെറുതാകാനും ...........)

ഇന്ന് രാവിലെ കണ്ടു . പേരറിയാത്തൊരു മരക്കൊമ്പിൽ രണ്ടു കാക്കകൾ .കൂട്ടംതെറ്റി
വന്നവരെപ്പോലെ ചില്ലകൾ മാറിമാറി ,കാ കാ ന്നു കരഞ്ഞ് ....... മാനത്തു നിന്ന്
പൊട്ടി വീണ ഒരതിശയമെന്ന പോലെ നോക്കി നിന്നുപോയി . അധികം ആയുസ്സില്ലാതിരുന്ന  ആ കാഴ്ചക്ക് വിരാമമിട്ടുകൊണ്ട് ഒരെണ്ണം തെക്കോട്ട്‌ പറന്നു .
മറ്റേത് കുറേനേരം അസ്വസ്ഥതയോടെ ഒച്ചവച്ച്  ചില്ലയിലിരുന്നു . പക്ഷികളുടെ
ഭാഷ അറിയാമായിരുന്നെങ്കിൽ എന്ന് ഒരിക്കൽക്കൂടി വ്യാമോഹിക്കുമ്പോൾ ,
അറിയില്ലല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോൾ ,  മറ്റേത് വടക്കോട്ട്‌ പറന്നു .
അവർ പരസ്പരം ആരായിരുന്നിരിക്കും ...........വീണ്ടുമൊരു വഴിയിൽ ...........
ജോലികളിൽ മുഴുകാൻ ശ്രമിച്ചിട്ടും 'കാ കാ എന്ന കരച്ചിൽ പറന്നുപോകുന്നേയില്ല.

കൊല്ലണം ഇവറ്റകളെ ...കാക്കകളെയല്ല . ചിറകുമായെത്തുന്ന മോഹങ്ങളെ .


2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

'' ഒളൈകൾ ''

കള കള ശബ്ദത്തോടെ ഒഴുകിയെത്തിയ ഒരു വാക്ക് .
ഉള്ളം നിറഞ്ഞു കവിയാൻ ഒരൊറ്റ വാക്ക് മതിയെന്ന് ഒരിക്കൽക്കൂടി !
' അമ്മ പോലെ ..........................
മലപോലെ ,മഴ പോലെ , മഞ്ഞ് പോലെ , മലർ പോലെ ...
ഉയിരിലുണരുമൊരു കിനാവുപോലെ ..................

( ബാവലിയിലും( മാനന്തവാടി ) സമീപപ്രദേശങ്ങളിലും
താമസിക്കുന്ന വേടഗൗഡരുടെ ഭാഷയിൽ ' ഒളൈകൾ എന്നാൽ പുഴ.
ബാവലി , ഗവ .യു . പി . സ്കൂളിലെ കുട്ടികളുടെ വെബ് ലോകത്തേയ്ക്കുള്ള 
പ്രവേശനം , ഒളൈകൾ' എന്ന് പേരിട്ട ബ്ലോഗിലൂടെ .)
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തോട്‌ കടപ്പാട് .

www.olaigal.com