കാട്ടുപൂക്കളെ തൊട്ടുതലോടി
വിളിക്കാനൊരു പേരു തിരഞ്ഞ്
പണ്ടെന്നോ മയിലാട്ടം കണ്ട
പാറമേലൊന്നിരിക്കാൻ പോയതാണ്
മങ്ങിത്തുടങ്ങാത്ത വെയിൽ
നിഴലെടുത്ത് തണൽ തരുന്ന മരങ്ങൾ .
തെളിനീരിൽ കാൽ നനച്ച് , മുഖം കുടഞ്ഞ്
പടവുകളില്ലാത്ത കയറ്റത്തിൽ ...
കാറ്റേത് കിതപ്പേതെന്നറിയാതെ
പൊതിക്കുള്ളിലിരുന്ന് കടലമണികൾ ചിരിച്ചു .
കാപ്പിച്ചെടികൾക്ക് താഴെ കൂനിക്കൂടി
ഒറ്റമുറിയിലൊരു കുടിൽ
പല ആവേഗങ്ങളിൽ ചിരിയും കരച്ചിലും
വെറ്റില പൊള്ളിച്ച , നരച്ച ചിരിയും താങ്ങി
എത്തിനോക്കുന്നു ഒരു പാതിപെണ്ണുടൽ
മുറ്റത്തെ പാറയിൽ ചാരിയിരുന്ന്
കുഞ്ഞിന് മുലകൊടുക്കുന്നു ,
അല്പംകൂടി മുതിർന്നൊരു കുഞ്ഞ് !
മുഖത്തെ നഖപ്പാടുകളിൽ
അവന്റെ അടങ്ങാത്ത വിശപ്പ്
ചോരയൊലിക്കുന്ന വാർത്തയിൽ ,
അർത്ഥമറിയാതെ പലരാൽ ഭോഗിക്കപ്പെട്ട്
ഉടഞ്ഞു പോയൊരു വാക്കു പോലെ അവൾ .
ഇടതു കൈകൊണ്ട് നാണം മറച്ചുനില്ക്കുന്ന
ഇത്തിപ്പോന്നവന്റെ വലതുകൈയിലിരുന്ന്
കടലമണികൾ വീണ്ടും ചിരിച്ചു .
നിറങ്ങളൊടുങ്ങിയ ചുഴികളിൽ
ആർത്തലച്ചു നിറയുന്നു ഒരു കൊടുങ്കാട്
തളിരിലകൾക്കു മീതെ പുളഞ്ഞ്
ഇരുട്ടിലുണരുന്ന വിഷജന്തുക്കൾ
തുളച്ചു കയറുന്ന സൂര്യവെളിച്ചത്തിൽ
വഴിയായ് രൂപപ്പെടുന്ന വെളുത്ത തൂവലുകൾ
ഓരോ ചോരത്തുള്ളിയിലും കൈകാൽകുടഞ്ഞ്
മുഖമില്ലാതെ ചിരിക്കുന്ന കുഞ്ഞുങ്ങൾ
വെളിച്ചത്തിന്റെ അങ്ങേ തലയ്ക്കൽ
മുടിയഴിച്ചിട്ട് ,നിലയ്ക്കാത്ത നിലവിളികൾ ...
എനിക്കെന്നാണൊന്നുറങ്ങാൻ കഴിയുക ?...