2013, നവംബർ 19, ചൊവ്വാഴ്ച

വിലാപ പർവ്വം

എനിക്ക്  ഒരു വീടേയുള്ളു
മരം പെയ്ത് തണുക്കുന്നൊരു വീട്
അത് എനിക്കെൻറെ മകന് കൊടുക്കണം
അവനും ജനാലകൾ മലർക്കെ തുറന്നിടണം .

നിങ്ങൾക്ക് പലപല ദേശങ്ങളിൽ
വീടുകളുണ്ടാവും
ഉരുൾ പൊട്ടലിൽ നിന്നും ചുടുകാറ്റിൽ നിന്നും
മാറിനിന്ന് ജീവിതം ആഘോഷമാക്കാൻ .
നിങ്ങൾ വായിക്കുന്ന ശാസ്ത്രപുസ്തകത്തിൽ
ആഗോളതാപനമില്ല ,
മലിനീകരണമില്ല ........
'വികസനം മാത്രം .
മണൽ വാരി,മല മാന്തി ,കാടുവെട്ടി, കടൽക്കരവിറ്റ്
കൊടിക്കൂറകൾ മാറിമാറി നിങ്ങൾ വികസിക്കും
പിന്നിൽ 'തത്തകളെ അണിചേർത്ത്
ചരട് വലിക്കുന്നതിന് മുന്പ് ,
വലിയവരേ , നിങ്ങൾ
ഒരിക്കലെങ്കിലും ഭൂപടം നോക്കണം .

നാളെ, ഉപഗ്രഹവാർത്തകളിൽ
ഞങ്ങളൊരു  പ്രകൃതിദുരന്തമായി
വായിക്കപ്പെടുമ്പോൾ
നിങ്ങൾ ഏതോ നാട്ടിലെ മാളികയിലിരുന്ന്
കടലകൊറിച്ച്‌ ,
കരയിൽ പൊന്തിവരുന്ന
ഞങ്ങളുടെ അവയവഭാഗങ്ങൾ എണ്ണിനോക്കി
ചൊവ്വയിൽ ഒരു വീട് സ്വപ്നം കാണും .

നിങ്ങൾക്കായി ,  ചരിത്രത്തിൽ
മാപ്പെന്നൊരു വാക്കുണ്ടാവില്ല .
ഒരിക്കൽക്കൂടി ഞാൻ നിങ്ങളോട്  പറയുന്നു
എനിക്ക്  ഒരു വീടേയുള്ളു .