2014, നവംബർ 22, ശനിയാഴ്‌ച

ഓരോ വരിയും പറയുന്നു ,' ഞാൻ കവിതയല്ല. '

ഉറക്കം മുറിച്ച്  മണ്ണിൽ നിന്ന് ഞാനും
ഇരുട്ട്  മുറിച്ച് വിണ്ണിൽ നിന്ന് ഇവളും
വിരൽകോർത്ത്‌ നടക്കാനിറങ്ങുന്നു .

ഇപ്പോൾ പകൽ കനംവെച്ചു തുടങ്ങുന്നു
എന്നെപ്പിരിഞ്ഞ വീടുകൾക്കെല്ലാം അതേ മുഖം .

അന്നൊരിക്കൽ പള്ളുരുത്തിയിലെ പുലവാണിഭമേളയിൽ
കുലുങ്ങിച്ചിരിച്ച കുപ്പിവളകളിലൊരെണ്ണമിതാ 
ഞങ്ങൾ കോഴിക്കൊടെത്തിയപ്പോൾ
ഒരു ചൂടുചായ തന്ന് കോപ്പയിൽ തട്ടി വീണ്ടും ചിരിക്കുന്നു
ഇവിടെനിന്നൊരമ്മയെ മധുരമായി ഉള്ളിൽ നിറച്ചെടുക്കുന്നു .

തൃശ്ശൂരിറങ്ങി സരോജിനിയെയും അവളുടെ നാലാമത്തെ
പ്രസവത്തിലെ ഏഴാമത്തെ കുട്ടിയെയും കണ്ട് 
നാളെ താമരശ്ശേരി ചുരം കയറാമെന്ന് കണക്കുകൂട്ടി
ഞങ്ങൾ നാദാപുരം പള്ളികടന്ന് കല്ലാച്ചിയിലെത്തുന്നു
ചേലുള്ളൊരു മുഖത്തിരുന്ന്  അലുക്കുത്തുകൾ
മഴ വരുന്നുണ്ടോന്നു നോക്കി മാനമളക്കുന്നു
അടുക്കളയിലോടിവന്ന് ഒരിളംകൈ വേദനയാക്കിക്കളിക്കുന്നു 
ചിരികൊണ്ട് കുശലം ചോദിച്ചൊരാൾ തിരക്കിട്ടു നടന്നുപോകുന്നു
കഴുത്തിലെ പിടിവിടുവിച്ചൊരാട്ടിൻകുട്ടി പടികയറി വരുന്നു
ഉമ്മ മറിയം , സദ്ദു , അച്ചുവേട്ടൻ , ഷമീനാടെ ആട്ടിൻകുട്ടി !.

വേഗത കൂട്ടി ഞങ്ങൾ കാഞ്ഞങ്ങാട് കവല പിന്നിടുന്നു
നിത്യാനന്ദാശ്രമവും പരന്നുകിടക്കുന്ന പാടവും നോക്കിനില്ക്കുന്നു
ഉദയാസ്തമയങ്ങൾ ഭംഗി കൂട്ടിയിരുന്നൊരു വീട് 
കളിയും ചിരിയും കൊണ്ട് ഇരട്ടക്കുട്ടികൾ മുറ്റം നിറയ്ക്കുന്നു 
കഥകൾ കൈമാറി  രണ്ടു വലിയ ചിരികൾ ഒന്നാകുന്നു
കോട്ടവാതിലിനെയും അമ്മിണിയെയും പിന്നിലാക്കി
ഒരു  വലിയ വെളുത്ത ഭാണ്ഡക്കെട്ട്  തെളിഞ്ഞു വരുന്നു
വരച്ചിട്ടും വരച്ചിട്ടും മതിയാകാത്ത ഒരു ചിത്രം
നിറഞ്ഞ ചിരിയും ഭാണ്ഡക്കെട്ടും വരാന്തയിലിറക്കിവെച്ച്
ഒന്നും മിണ്ടാതെ അമ്മിണി നടന്നു മറയുന്നു
തലയിൽ  ഒരുകെട്ട്  വിറകുമായി വീണ്ടും വരുന്നു
കല്ലടുപ്പിൽ തീകൂട്ടി വെള്ളം ചൂടാക്കുന്നു
വീണ്ടും കുളിക്കാൻ എന്നെ നിർബന്ധിക്കുന്നു
അനുസരണയില്ലെന്നു പറഞ്ഞ്  ശകാരിക്കുന്നു
ഭാണ്ഡക്കെട്ടിനകത്തുനിന്നൊരു സുഗന്ധം ചാടിയിറങ്ങുന്നു
സോപ്പ് ,ചീപ്പ് , കണ്ണാടി മുതൽ വെട്ടുകത്തി വരെ നിരന്നിരിക്കുന്നു.
നിലത്തിരുന്ന് ധ്യാനത്തോടെ ഓരോ ഉരുളയും കഴിക്കുമ്പോൾ
നടന്ന വഴികൾ തെളിമയോടെ  ഓർത്തെടുക്കുമ്പോൾ
പെയ്യാത്ത മഴയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ
ഒരു വരിപോലും തെറ്റാതെ കവിത ചൊല്ലുമ്പോൾ
അമ്മിണി ഭ്രാന്തിയല്ലെന്ന് ഞാൻ ചിന്താമണിയോട് തർക്കിക്കുന്നു
മൈതാനത്ത് കളിച്ചുനില്ക്കുന്ന കുട്ടികളെ കല്ലെറിയുമ്പോൾ
ഓരോ പുൽക്കൊടിയെയും നോക്കി ഒച്ചവെയ്ക്കുമ്പോൾ
ഞാനവളെ സംശയത്തോടെ നോക്കുന്നു
മടക്കിത്തന്ന പുത്തൻ സാരിയുമായി ഞാനും 
എൻറെ പഴയ സാരി മുഖത്തോട് ചേർത്തുപിടിച്ച് അവളും
പരസ്പരം നോക്കിനിൽക്കുമ്പോൾ  
അവൾക്ക്  ഭ്രാന്തില്ലെന്ന്
ഒരിക്കൽക്കൂടി കണ്ണീരോടെ ഞാനുറപ്പിക്കുന്നു .

വിരൽ വിടുവിച്ച് ഇവൾ പറയുന്നു
സർക്കാരാപ്പീസ്സിന്റെ തിണ്ണയിലെ വെളിച്ചത്തിൽ
പേടിയില്ലാതെ ഉറങ്ങാനായി അമ്മിണിയിന്നും വരുമെന്ന്
ഇന്നും .... ?
എന്നോ മരണപ്പെട്ട ഇവൾ പറയുന്നത് 
ഞാനെങ്ങനെ വിശ്വസിക്കും ...?..
---------------------------------------------------