എങ്ങുനിന്നോ
പൊടുന്നനെ
പാഞ്ഞെത്തിയ കാറ്റ്
ഇതൾ പൊഴിച്ചിട്ട
കടും നിറമുള്ള
പാതിറോസാപ്പൂവ് .
മുറ്റത്തേക്കിറങ്ങി വന്ന്
അവൾ ചിരിക്കുന്നു .
ചിതറി വീണ
ഇതളുകളെ തഴുകി
കാറ്റിന്റെ വികൃതിയെന്ന്
സാന്ത്വനിപ്പിക്കുന്നു.
അവരെ പെറുക്കിയെടുത്ത്
സ്വപ്നങ്ങളെയെന്നപോലെ
പൊതിഞ്ഞു പിടിച്ച്
അവൾ വീണ്ടും ചിരിക്കുന്നു .
നിലത്തുവീണു ചിതറാതെ
കൈക്കുമ്പിൾ
നെഞ്ചോട് ചേർത്തുപിടിക്കുന്നു .
പിറകിൽ
കോരിച്ചൊരിയുന്ന മഴയെ നോക്കി
അവൾ പിന്നെയും ചിരിക്കുന്നു
ഇതളില്ലാത്ത തണ്ട്
കാറ്റിലാടുന്നു .
കൈക്കുമ്പിൾ തുറന്നുപിടിച്ച്
ഓരോ ഇതളിലും
അവളെന്ന രാഗത്തിന്റെ
ആരോഹണാവരോഹണങ്ങൾ
പകർത്തിപ്പകർത്തി
പിന്നെയും പിന്നെയും
അവൾ ചിരിക്കുന്നു .!!!
-----------------------------------
--------------------