2016, ഏപ്രിൽ 23, ശനിയാഴ്‌ച

മഷിനോട്ടം

നിന്നെയരുമയായ്
ഒക്കത്തിരുത്തി
മഷിയെഴുതുന്ന നേരങ്ങളിലാണ്
ഞാനെന്റെ
മഷിയെഴുതിയിട്ടില്ലാത്ത
കണ്ണുകളിലേയ്ക്കെത്തി നോക്കുക .

നിന്റെ വിരലുകളൊതുക്കി
കുപ്പിവളകൾ
അണിയിക്കുമ്പോഴാണ്‌
അണിയാതെ
ഞാൻ സൂക്ഷിച്ചുവെച്ച
കുപ്പിവളകൾ
മുന്നിൽ വന്നു നിരന്നിരിക്കുന്നത് .


നിന്റെ നുണക്കുഴിയിൽ
വിരലാഴ്ത്തുമ്പോഴാണ്‌
ഇല്ലാത്ത ,എന്റെ
നുണക്കുഴിയിലേയ്ക്കൊരു
പൂവു നുള്ളിയിട്ട്
ആഴമളന്നു നോക്കുന്നത് .

നിന്റെ മറുക്
തൊട്ടുനോക്കുമ്പോഴാണ്
മഷിയാകെ പടർന്ന കവിളിൽ
തെരുതെരെയുമ്മ വെച്ച സ്നേഹത്തെ
അളന്നു നോക്കാനാവാതെ
കണ്ണീർ പടർത്തുന്നത് .

നിന്നെ
ഒരുക്കാതിരിക്കുമ്പോഴാണ്‌
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
പുനർജനിക്കുമെന്ന് ഞാനും
ഇല്ലെന്നു നീയും
തർക്കം പറയുന്നത്‌ .
 
മരിക്കുംവരെ മിണ്ടില്ലെന്ന്
കുറുമ്പു പറഞ്ഞ്
പിണക്കംനടിച്ചെഴുന്നേറ്റു നിന്ന്
വിരൽ കുടഞ്ഞിടുന്ന
മണൽത്തരികളിൽ 
നിറയെ സൂര്യന്റെ നഖപ്പാടുകൾ .

ആരോ പിൻകഴുത്തിൽ
തൊട്ടു വിളിച്ച് ,
മറ്റൊരു ലോകത്തും
പുനർജ്ജനിക്കാനാവാത്ത ചോദ്യമാണ്
കവിതയായി പിറക്കുന്നതെന്ന്
കാതിൽ പതിയെപ്പറഞ്ഞു പോകുന്നു .