ചിലതുണ്ട്
ഒരു ജന്മസുകൃതം പോലെ
ഉയിരിൽ വന്നണയുന്നത്,
ഒരു മിടിപ്പുകൊണ്ടോരായിരം
രാഗങ്ങളുതിർക്കുന്നത്,
എന്റേതെന്റേതെന്നുറക്കി
സ്വപ്നത്തിലേയ്ക്കുണർത്തുന്നത്,
ഒരു പുൽക്കൊടിത്തുമ്പിലൂർന്ന്
സൂര്യനായ് തിളങ്ങുന്നത്,
ഒരു നിറം വീശിയെറിഞ്ഞതിൽ
ഏഴു നിറങ്ങളായ് ജാലപ്പെടുന്നത്,
ഒരു തിര മുറിച്ചു വിരിച്ച്
കരകാണാക്കടൽ മെനയുന്നത്,
കണ്ണേ , ഉയിരേയെന്ന്
പരാവർത്തനം ചെയ്യപ്പെടുന്നത്,
പൊടുന്നനെ
പറക്കൽ കൈവിട്ടൊരു
കുഞ്ഞു പട്ടം പോലെ ഞാൻ..!
പെരുമഴ കൊണ്ട്
പടിയിറങ്ങിപ്പോയ വാക്കിന്റെ വിത്തേ,
ഒരു തുള്ളിയായ്
നീയെൻ ചിതയിൽ മുളപൊട്ടുക.