2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവളാകാശം

കരഞ്ഞുവറ്റിപ്പോയ
പുഴയുടെ മാറിൽ
വിരൽകുടിച്ചുറങ്ങുന്ന
നിലാവിന്റെ കുഞ്ഞ്

മരിച്ചിട്ടും തിളങ്ങുന്ന
നോട്ടങ്ങളുടെ മേൽ
കൺപോള തിരയുന്നു
ഇരുട്ടിന്റെ കണികകൾ

നക്ഷത്രങ്ങളുടെ നെറ്റിയിൽ
ചോരപ്പൊട്ടൊലിച്ചിറങ്ങുന്നെന്ന്
നീന്തൽ മറന്ന തുഴയിലിരുന്ന്
ഒച്ചയിടുന്നൊരു ചെന്തലയൻപുള്ള്

ഋതുക്കളിൽ നിന്ന്
വസന്തത്തിന്റെ വിത്ത്
നുള്ളിയെടുത്ത്
മുറ്റത്ത് പാകി മുളപ്പിക്കണം

നനച്ചു വളർത്തണം

പച്ച ഞൊറിഞ്ഞൊരുങ്ങിയ
ഓരോ ചില്ലയിലും പൂവിടും
ചിരിക്കുന്ന പെൺമുഖമുള്ള
ഒരായിരം  ആകാശങ്ങൾ ...!

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ഫോണിന്റെ അങ്ങേത്തലയ്ക്കൽ അമ്മയുടെ ശബ്ദം ഇന്നും .
ഓർത്തെടുക്കാൻ മിനക്കെടാതെ ' നീയിപ്പോ എവിടെയാണെന്ന
പതിവുചോദ്യം .'ഞാനിതാ മുറ്റത്തെത്തിയെന്ന പതിവ് ഉത്തരം .
കളിപറയുകയാണെന്നു അറിഞ്ഞുകൊണ്ടുള്ള ചിരി .ഒടുവിൽ
നീയെന്നു വരുമെന്ന പതിവുചോദ്യം .അടുത്ത ആഴ്ചയെന്ന ,
ഉറപ്പില്ലാത്ത ഉത്തരം കേട്ട് നിശ്വാസത്തോടെ മടക്കം .

പലപ്പോഴും പാലിക്കപ്പെടാൻ കഴിയാതെ പോയ ആ വാക്ക്
ഉള്ളിലിരുന്ന് നീറി നീറി പുകയുകയാണ് .

അന്ന് ( feb 7 )  ചൊവ്വാഴ്ച രാവിലെ 11 .23 എന്ന് സമയമെഴുതി
ഡോക്ടർ കാണിച്ച കുറിപ്പ്. അമ്മ എവിടെ പോകാൻ .......
രാവിലെയും വേദനയുടെ ഞരക്കത്തിൽ കട്ടിലിൽ നിന്ന് ചരിഞ്ഞു
വന്ന് കസേരയിൽ അമ്മയോട് എത്ര ചേർന്നിരിക്കാമോ അത്രയും
ചേർന്നിരുന്ന എന്റെ തോളിലേക്ക് ഇടതുകൈ നീട്ടിയിട്ട് ഒരു
കുഞ്ഞിനെപ്പോലെ കെട്ടിപ്പിടിച്ചു കിടന്നതല്ലേ ....

ഓർമ്മയുടെ പച്ചപ്പിലൂടെ അമ്മ നടക്കുകയാണ് ,ധൃതിയിൽ .
പണ്ട് ചോറുപൊതികൾ കെട്ടിത്തന്ന് എല്ലാവരെയും യാത്രയാക്കി
ഞൊടിയിടകൊണ്ട്‌ , തേച്ചു വടിവാക്കിയ ചെറിയ പുള്ളികളുള്ള
വെള്ള സാരി ഭംഗിയായുടുത്ത് ശരീരത്തിന്റെ ഭാഗമായി മാറിയ
കുടയുമായി അമ്മ നടക്കുകയാണ് , ഓട്ടമെന്ന് വിശേഷിപ്പിക്കാവുന്ന
നടത്തം .വളരെ നേരത്തെയിറങ്ങിയ ഞങ്ങൾ കുട്ടികൾക്ക് മുന്നിലൂടെ
ശരവേഗത്തിൽ കടന്നുപോകുകയാണ് .
(നിശബ്ദമായ ക്ലാസ്സുമുറി . മേശമേൽ നീളൻ ചൂരൽ .ഉള്ളിൽ സ്നേഹം
പൊതിഞ്ഞുവെച്ച് , ഗൗരവം നടിക്കുന്ന ടീച്ചർ . 50 ന് 50 എന്നെഴുതിക്കിട്ടാത്ത
ഒന്നോ രണ്ടോ കണക്കു  പരീക്ഷകൾ .ഒരു മാർക്ക് അമ്മയ്ക്ക് വേണമെന്ന
കൊതി  .പിന്നെ കരഞ്ഞു വിളിച്ച് വാശിപിടിച്ച് ക്ലാസ് മാറ്റം .
അങ്ങനെ ഞാൻ അമ്മയുടെ കുട്ടിയായി വളരെക്കുറച്ചു ദിവസം മാത്രം.)

അമ്മ നട്ടു നനച്ച് വളർത്തിയ ചെടികൾക്ക് എന്തൊരു പച്ചപ്പ്‌ .

ആശുപത്രികിടക്കയിൽ ,വേദനയുടെ നടുവിലും ഒരു കുഞ്ഞിനെപ്പോലെ
വായ തുറന്ന് മാമുണ്ണും നേരം വേണ്ടാന്നു വാശിപിടിക്കുമ്പോഴൊക്കെ
ഞാൻ പറയുന്ന തമാശകേട്ടുള്ള ആ ചിരി

ആ ഞരക്കം എനിക്ക് മറക്കണം .
ഓർക്കാൻ ആ ചിരി മതി ആ ചിരി മാത്രം .

കലശം തിരയെടുത്തത് ഒരൊറ്റ മാത്രകൊണ്ട് .അച്ഛന്റെ വിരലുകൾക്ക്
എന്തൊരു ആവേശമായിരുന്നു , കാത്തിരുന്നു കാത്തിരുന്ന് സഹികെട്ടതു
പോലെ .ഇരുട്ട് നാളെയീ  കണ്ണുകൾക്ക് മുന്നിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും
രണ്ട് മിന്നാമിനുങ്ങുകളെ , നിറയെ കാണാൻ .............

2017, ഫെബ്രുവരി 22, ബുധനാഴ്‌ച

ശേഷം

പാട്ടൊന്നു മൂളണം

കുടിൽകാക്കുന്ന ചില്ലയെ
ഈണത്തിലാട്ടിയുറക്കണം

കാവലിരിക്കാൻ
ഞാനുണ്ട് പാട്ടുണ്ടെന്ന്
വിരൽ പിടിക്കണം

പൊട്ടു തൊടാനൊരു
കിനാവിരൽത്തുമ്പ്

മുട്ടിവിളിക്കാൻ
ഓലമെടഞ്ഞൊരു വാതിൽ

നിറഞ്ഞു തൂവാൻ
മണ്ണുമെനഞ്ഞൊരു കുടം

നനഞ്ഞിരിക്കാൻ
നിവർത്തിയിട്ടൊരു പുൽപ്പായ

ചൂടു പുതയ്ക്കാൻ
അടുപ്പിലൊരണയാത്ത കനൽ

കൂടെയുറങ്ങാൻ
കരിവളയിട്ടൊരു പാട്ട്

കാറ്റേ , തട്ടിവിളിക്കല്ലേ
കടലാണുള്ളിൽ ...

2017, ഫെബ്രുവരി 4, ശനിയാഴ്‌ച

ആഘോഷങ്ങളെല്ലാം
നാളേയ്ക്കെന്ന് മാറ്റിവെച്ച്
മനസ്സുകൊണ്ടും
വാക്കുകൊണ്ടും
പ്രവൃത്തികൊണ്ടും
ഒരു വേദനയ്ക്ക് കൂട്ടിരിക്കുക

സ്വയം തൊട്ടുനോക്കുമ്പോൾ
ഉള്ളിലൊരു മനുഷ്യന്റെ തുടിപ്പ്

നീക്കിവെച്ച നിമിഷങ്ങളെ
നഷ്ടമെന്ന് കണക്കുപുസ്തകത്തിൽ
രേഖപ്പെടുത്താനുള്ള ലിപിയറിയാതെ
ആഘോഷിക്കാനുള്ളതാണോരോ നിമിഷവുമെന്ന
പുത്തൻ നീതിശാസ്ത്രത്തിൽ വിശ്വസിക്കാതെ
ഒരു പഴയ ശരീരത്തിൽ
കടംകൊണ്ട സ്നേഹത്തെയടയാളപ്പെടുത്താൻ
ഞാനെന്നയെന്നെ വീണ്ടും വീണ്ടും
മുറുകെ പുണർന്ന് ....

ഇടറിപ്പോകുന്ന വേളയിൽ
നിനക്ക്ഞാനുണ്ടെന്നൊരോർമ്മപ്പെടുത്തൽ
അതൊരുപാസനയാണ്

'നീ കരയുമ്പോൾ
എനിക്ക് ചിരിക്കാൻ കഴിയുന്നതെങ്ങനെ ?'

ആരോ ചുമലിൽ കൈവെച്ചതുപോലെ ....