2017, മേയ് 11, വ്യാഴാഴ്‌ച

തിരനോട്ടം


മണ്ണു പറന്നുപോയ 
വഴിയോരത്ത്
തലയിൽ പൊത്തിപ്പിടിച്ച
വിരലുകൾ പോലെ
പഴയൊരു വീടിന്റെ
ശേഷിപ്പ്.
അരികത്തായ്
വറ്റിപ്പോയ കുളക്കടവിൽ
അർമാദിച്ചു കുളിച്ച
പകലുകളുടെ
തേഞ്ഞുപോയ കൂവൽ.
തുറന്നുവെയ്ക്കാത്ത
ജനാല പാളിനോക്കി
പേരു വിളിക്കാൻ
ഓർമ്മതിരഞ്ഞ്
ചിറകുചിക്കി മിനുക്കുന്ന
ചെറുവാലൻ കിളി.
അടുത്ത വരവിന്
നിറഞ്ഞൊരു പാടവും കൊത്തി
വരണമെന്ന്
തിരികെ പറക്കുന്ന
ദേശാടനക്കൂട്ടം.
ചിണുങ്ങിക്കരഞ്ഞുകൊണ്ട്
ഉറങ്ങാൻ പോകുന്ന
കുഞ്ഞിനെപ്പോലെ
ആകാശക്കൺകോണിൽ
മഷിയെഴുതാത്ത മേഘം.

ഇനിയെന്തു-
ണ്ടെടുത്തുപോകാനെന്ന് 
തിരിഞ്ഞുനോക്കി,
ഭാണ്ഡം മുറുക്കിയെടുത്ത് 
ആകാശത്തിന്
തുളകളിട്ടു മടങ്ങുന്നു 
കൂർത്ത നഖമുനകൾ.