2018, ഏപ്രിൽ 30, തിങ്കളാഴ്‌ച

മുററത്തടർന്നു
വീഴുന്ന
പൂവിതളുകൾ
കോർത്തെടുത്താണ്
ഞാനൊരു
വസന്തമൊരുക്കാറ്

കൊഴിഞ്ഞു
വീഴുന്ന
തൂവലുകൾ
ചേർത്തുവെച്ചാണ്
ഞാനൊരു
കിളിയൊച്ചയുണർത്താറ്

പെയ്തു 
നനഞ്ഞ
നിലാമഴയുടെ
നൂലഴിച്ചെടുത്താണ്
ഞാനൊരു
കൂടൊരുക്കാറ്

വിരുന്നുവരാറുണ്ട്
എല്ലാ രാവിലും
ഞാനില്ലെങ്കിൽ
നീയെങ്ങനെയെന്ന്
ചേർത്തുപിടിച്ച്
തടമൊരുക്കാറുണ്ട്
നെഞ്ചിൽ

ഒരു തുള്ളി
നനകൊണ്ടാണെന്നും
ഞാനൊരിലയായ്
കിളിർക്കാറ് .


2018, ഏപ്രിൽ 25, ബുധനാഴ്‌ച

ഉറങ്ങാൻ കരയുന്ന
നക്ഷത്രക്കുരുന്നുകളെ
പുതപ്പിച്ചുറക്കി
പുറംതിരിഞ്ഞു കിടന്ന്
കരയുന്ന രാത്രിയുടെ
പെരുകിവരുന്ന നോവ്
ഉള്ളംകൈയാൽ
തലോടിക്കെടുത്തുന്നു
ഉറക്കം മറന്നൊരു
കൂട്ടിരിപ്പുകാരി

ഇത്തിരിപ്പോന്ന
വിരൽത്തുമ്പുകളിൽ
നീണ്ടുവന്നേക്കാവുന്ന
കൂർത്ത നഖങ്ങളെ
ഉൾക്കണ്ണാലെടുത്ത്
വെട്ടിയൊരുക്കുന്നു
നേർത്ത വിരലുകളുടെ
കനവെഴുത്തുകാരി

പോക്കുവെയിലിന്റെ
കൊമ്പുകൊണ്ടാരോ
മൂക്കിൻവരമ്പത്ത്
കുത്തിനിർത്തീട്ടുപോയ
ഒരിത്തിരി വെട്ടമെടുത്ത്
തെളിയിച്ചു പിടിക്ക്
നിറവയറൊഴിയട്ടെ

ഉയിരുണർത്തുകാരീ ,

കൺനിറയെ കണ്ട്
അവൾ കറുപ്പഴിച്ചുവെയ്ക്കട്ടെ .



2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

കരിഞ്ഞുവീണ
പകലിന്റെ
നേർത്തൊരു ചില്ല മതി
നിന്നിലേയ്ക്കൊരു
ഗോവണിയാകാൻ

തളർന്നലഞ്ഞ
കാറ്റിന്റെ
കുഞ്ഞുമർമ്മരം മതി
നിന്നിലേയ്ക്കൊരു
സംഗീതമായഴിഞ്ഞുവീഴാൻ

അടർന്നുവീണ
പൂവിന്റെ
ഒരിററു പൂമ്പൊടി മതി
നിന്നിലേയ്ക്കൊരു
വസന്തമായുതിർന്നുപെയ്യാൻ

പൊഴിഞ്ഞുവീണ
ആകാശത്തിന്റെ
ഒരു കുഞ്ഞു തൂവൽ മതി
നിനക്കുറങ്ങാനൊരു
പുരമേഞ്ഞൊരുക്കാൻ

മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം മതിയെനിക്ക്
 'നീ നീ...'യെന്നെഴുതി
കവിതയായ് പുനർജനിക്കാൻ .!