2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

വാർത്തകൾ വായിക്കുന്നത്...


സൈക്കിളിലായിരുന്നു യാത്ര.

അവളെന്നെ പൊതിഞ്ഞുവെയ്ക്കും 
മഞ്ഞുകൊള്ളാതെ,
മഴ നനയാതെ.

ചുരമിറങ്ങുമ്പോൾ,
കാഴ്ചകളിൽനിന്ന് മറഞ്ഞിരുന്ന് 
അവളോട് കലഹിക്കാനാവാതെ
വീർപ്പുമുട്ടി ഞാനാകെ വിയർക്കും.

ഓരോ വീട്ടുപടിക്കലും അൽപനേരം.

വേഗത കൂട്ടിയും കുറച്ചും
ഞങ്ങളങ്ങനെ ഒരു പുഴപോലൊഴുകും.

പാറമട കോറിയിട്ട ഇത്തിരിപ്പോന്ന
ചുവരിലെ ഒത്തിരി വലിയ വരകളെ,
വശം തളർന്നുകിടക്കുന്ന അമ്മയെ,
ലക്കുകെട്ടന്തിക്കെത്തുന്ന അച്ഛനെ,
കടക്കാരുടെ അതിരുവിട്ട ചോദ്യങ്ങളെ,
അക്ഷരങ്ങൾക്കു മീതെ കരിന്തിരി കത്തി 
അണഞ്ഞുപോയ മണ്ണെണ്ണവിളക്കിനെ,
ഒരു നിശ്വാസംകൊണ്ടിടയ്ക്കിടയ്ക്ക്
അടയാളംവെച്ചായത്തിൽ ചവിട്ടും.

മഞ്ഞുപെയ്ത ഒരു വെളുപ്പാൻകാലം
എന്റെ ബാക്കിയെ പൊതിഞ്ഞെടുത്ത്
സൈക്കിൾ മറിയാതെ ചാരിവെച്ച്
പാറിക്കിടക്കുന്ന മുടിയൊതുക്കിനിൽക്കെ,
ഇടിമുഴക്കം പോലെന്തോ!
ഒരു ഞൊടിയിടകൊണ്ടതാ
ശ്വാസത്തിനുമേൽ അടർന്നുവീഴുന്നു ഭൂമി !

അവളുടെ നിലവിളി കുത്തിയൊലിച്ച് 
ദിശയറ്റുപോയതുപോലെ !

ഞാനുണരാതിരിക്കുന്നതെങ്ങനെ
വാർത്തകളടങ്ങുന്ന കാലം വരെ
ഒടുങ്ങാത്ത ദുരിതങ്ങളുടെ കെട്ടുമായി
ഞാനുണ്ടാവണം,ഉണ്ടായേ തീരൂ.

ഓരോ വീടിന്റെ ഉമ്മറത്തിരുന്നും
അവളുടെ സൈക്കിളിന്റെ വരവിനായ്
ഞാൻ പാളിനോക്കും.
പൊട്ടിയൊലിച്ചുപോയ വഴിതാണ്ടാൻ
അവളിനിയുമെന്നെ കൂട്ടുമെന്ന്   
വെറുതെയാശിച്ച് മരവിച്ചിരിക്കും.

അന്ന്
മണ്ണടരുകൾക്കടിയിൽ
എനിക്കൊപ്പമവളുണ്ടായിരുന്നില്ലെന്ന്
ഓരോ കാറ്റും മറിച്ചുനോക്കുന്ന താളിൽ
കറുത്തുരുണ്ട വലിയ അക്ഷരങ്ങളായ് 
വീണ്ടും വീണ്ടും ഞാനെന്നെ വായിക്കുന്നു.
__________________________________________