നീ കടന്നുവന്നേക്കും,
വെയിലും നിഴലും
ഒന്നായ് വരച്ച വഴിയുടെ
രേഖാചിത്രത്തിലൂടെ.
താക്കോൽ,
ജനുവരിയിൽ പൂത്ത്
കൊഴിയാതെ
മഞ്ഞിച്ചുനിൽക്കുന്ന
കൊന്നയുടെ ചില്ലയിൽ
തൂക്കിയിട്ടിട്ടുണ്ട്.
ഇടത്തേ മൂലയിലെ
കാട്ടുമരച്ചില്ലയിൽ
നീ തൊടുന്നേരം
പറന്നു പൊങ്ങാനായ്
പടർന്നു കയറി
നോമ്പുനോറ്റിരിപ്പുണ്ട്
കറുത്ത വിത്തുള്ള
വെളുത്ത അപ്പൂപ്പന്താടി.
വലതു കോണിൽ
ചാരിവെച്ചിട്ടുണ്ട്
നമ്മൾ
ആകാശമേടയിലേയ്ക്ക്
വിരുന്നുപോയ
ഗോവണി.
കൈകാൽമുഖം കഴുകി
പൂമൂഖം കടക്കണം.
തെളിഞ്ഞു കാണാം
നീ തൊടുമ്പോൾ മാത്രം
തുറക്കുന്ന വാതിൽ.
ഞാനവിടെ
ധ്യാനത്തിലായിരിക്കും
നീയെന്നെഴുതിയെഴുതി
കനൽപെറ്റ വിരലിൽ
ചുംബിക്കുന്നുണ്ടാവും
വായിച്ച വരികളുടെ
ജപമാല.
അക്ഷരം പൂത്ത നാടിന്റെ
ഭൂപടം തിരഞ്ഞു തിരഞ്ഞ്
കടലാഴത്തിലാണ്ട്
നീലിച്ചു പോയതാണെന്റെ
മഷിയെഴുതാത്ത കണ്ണുകൾ.