2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

എന്തൊരു ചേലാണ് നിനക്കെന്ന് പിന്നെയുംപിന്നെയും

ഇന്നും
ആദ്യക്ഷരമായ്
വിരൽത്തുമ്പ് മുത്തി
ഒരു നേർത്ത പകലിനെ
ഉയിരാഴംകൊണ്ട്
ഉണർത്തിയെടുത്ത്
ഞാനെന്റെ പുരയുടെ
അടുപ്പിൻതിട്ടയിൽ
കുളിർകായാനിരിക്കുന്നു.

ഉപ്പോളം
കഞ്ഞിമോന്തി
എരിവോളം
കുശുമ്പ് പറഞ്ഞ്
കണ്ണേ കടലേന്ന് വിളിച്ച്
വെയിൽ മൂക്കുമിടങ്ങളിൽ
മതിവരുവോളമുണക്കാനിട്ട്
ഞാനതിന് കൂട്ടിരുന്ന്
ബാക്കിവന്ന വരികൾ
കൊറിക്കാനെടുക്കുന്നു.

കൊതിമൂത്ത കാറ്റ്
ഒരുവരിയൊരുവരിയെന്ന്
വട്ടമിട്ട് പറന്നുപറന്ന് 
ഞാനില്ലിനിയെന്നു പുലമ്പി
ആഞ്ഞിലിക്കൊമ്പിലെ
തൂക്കണാംകുരുവിയുടെ
ചിറകിൽതൂങ്ങിക്കിടന്ന്
പടിഞ്ഞാറ്റേയ്ക്ക് പറക്കുന്നു.

രാത്രിക്ക് കൊടുക്കാൻ
നനവുള്ളതൊക്കെയുടലോടെ
പൊതിഞ്ഞെടുത്ത്
ഒരുനൂൽക്കെട്ടുകെട്ടി
ഒരുതുള്ളിയൂർന്നുപോകാതെ
നിലാവെടുത്തുപോകാതെ 
ഞാനെന്റെ പുരയുടെ വാരിയിൽ
തിരുകി വെയ്ക്കുന്നു.
_________________________________