2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഏകമുദ്രാംഗിതം

മടക്കയാത്രയിലും
ഒരു നറു ചിരി
കൂടെയുണ്ടാവണമെന്ന്
നീയിന്നലെയും
പറഞ്ഞൊരോർമ്മ.

കൊണ്ടുപോകാൻ,
മായക്കാഴ്ചകൾ തന്ന
നിന്റെ വിരൽത്തുമ്പുകളും
നിന്നിലുണർന്നിരുന്ന
രാപകലുകളും മാത്രം.

തെളിയുന്നു,
നമ്മുടെ പുരയെന്നും 
കത്തിച്ചു പിടിച്ച  
ശരറാന്തൽ പോലെ
തേയ്ച്ചു മിനുക്കിയ
നിലവിളക്ക്.

നമ്മളിപ്പൊഴും
വിരൽകോർക്കാതെ
കണ്ണുകൾ ചിമ്മിനിന്ന്
വിണ്ണിനെയുറക്കാതിരിക്കുന്ന  
രണ്ട് നക്ഷത്രങ്ങൾ.

നാമൊരുമിച്ച്
വായിച്ച വസന്തം
വിതറിയിടുകയാണ്
തൂവെള്ളയുടെ  
വിതാനത്തിനു മീതെ
മണമുള്ള പൂക്കളുടെ
നനവുള്ള നിറങ്ങൾ.
 
കൂടൊരുക്കാൻ
കൂട്ടിനു വന്നവൾ 
തൊട്ടു പോയിരിക്കുന്നു
കുളിർ നെറ്റിയിൽ
കടും നിറമുള്ള പൊട്ട്.

അത്രയുമത്രയും
ചേർത്തുപിടിച്ചിരുന്നു
ഒരു തുള്ളിപോലും
ചോർന്നുപോകാതെ
വേഗതയേറിയ യാത്രയിലും
ഭൂമി കടലിനെയെന്നപോലെ.

ഒരിതൾ പൂവ്
നെറുകയിലിട്ട്
തിരികെ പോവുക
പുറത്തെ കൽപ്പടവിൽ
വരിയായ് കാത്തുനിൽപ്പുണ്ട്
വെളിച്ചപ്പെടേണ്ടവർ 
നീയവർക്കുയിരിടാൻ
വിരൽത്തുമ്പ് കൊടുക്കുക
ഇനിയെന്റെ പേർ 'ഓർമ്മ'.
______________________________