2019, ജനുവരി 11, വെള്ളിയാഴ്‌ച

പ്രയാണം

കണ്ടുനിൽക്കെ
ഉയർന്നുയർന്ന്
മറഞ്ഞുപോകുന്ന
പട്ടം നോക്കി
നിലച്ചുപോകുന്നൊരു
ശ്വാസം പോലെ.

തണൽവിരിയാത്ത
ചില്ലകൾക്കു താഴെ
തിങ്ങിനിന്നിരുന്ന
ഇലകളുടെ
കൊഴിഞ്ഞുപോയ
കാലമോർത്തെടുത്ത്
ഒരു വിലാപം
കുടഞ്ഞിടുകയാണ്
ഇന്നലെയുടെ
പരിച്ഛേദം കണക്കെ.

തുളയെടുത്ത
ആകാശം
നോക്കിനിന്ന്
എഴുതപ്പെടേണ്ട
പുസ്തകത്തിൽ
ഞെട്ടറ്റുപോയവളുടെ
ഭാഷ തിരയുകയാണ്
ഇന്നലെയുടെ തീയിൽ
ഉരുകിയൊലിച്ചവ.

കിട്ടാനിടയില്ലാത്ത
അവശിഷ്ടങ്ങൾ
മണ്ണിലും വേരിലും
പരതിത്തളർന്ന്
മേഘങ്ങളിലേയ്ക്ക്
കയറിപ്പോകാൻ
മഴവില്ലുകൊണ്ടൊരു
വഴി വെട്ടുന്നു 
പൊള്ളിയ വിരലുകൾ.

കടലെടുത്ത
ചുവരിലായിരുന്നു
ഞാൻ നട്ടുവെച്ച
വരികൾ,
ഒരു കൊടുങ്കാറ്റായോ
ഒരു പെരുമഴയായോ
നാളേയ്ക്ക്
മുളപ്പിച്ചെടുക്കാൻ
ആവാത്ത വിധം
വേരറ്റ് മാഞ്ഞുപോയത്.

______________________________