2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഓരോ ശ്വാസകണത്തിലും

വരച്ചുകഴിഞ്ഞ
ഇമ്മിണി മുറ്റത്തെ
തലകീഴായ് പിടിച്ച്
ഒരീർക്കിൽ
പറിച്ചെടുത്ത്
'ഭൂമിയോളമെന്ന്
തലക്കെട്ടെഴുതിവെച്ച്
നീയൊരു
വിയർപ്പുതുള്ളിയെ
പിൻകഴുത്താകെ
പരത്തി
ചുണ്ടു കുടഞ്ഞിടുന്നു
എന്നുമെന്നപോലെ.

ഒരു കിളിവേഗത്തെ
പൊൻതൂവലായ്
നുള്ളിയെടുത്ത്
കൈക്കുമ്പിളിൽ വെച്ച്
കൂട്ടിനു ഞാനുണ്ടെന്ന്
വിരൽ ഞൊടിച്ച്,
മൂവന്തിക്കു പൊട്ടിന്
ഇലച്ചാറു കൂട്ടാൻ
പടിഞ്ഞാറേ മുറ്റത്ത്
കാടൊരുക്കാൻ
നീ കൂടെവേണമെന്ന്
കവിൾ തൊട്ടെടുക്കുന്നു
എന്നുമെന്നപോലെ.

താരകപ്പൂവിറുത്ത്
തുഞ്ചത്തു തിരുകിവെച്ച്
മുടിപ്പിന്നൽ നോക്കി
കാണാത്ത ചന്തമെന്ന്
നുണ കുടഞ്ഞിട്ട്
ചിക്കിയൊതുക്കി,
അടുക്കള
കാക്കുന്നൊരീ
പാതിരാ നേരത്തും
'ഒളിച്ചേ കണ്ടേന്ന്
സാരിത്തുമ്പു വലിച്ച്
'നീ മാത്ര'മെന്നൊരുമ്മയിൽ
കണ്ണു തിരുമ്മിയടയ്ക്കുന്നു
എന്നുമെന്നപോലെ.

രാവിനു പുതപ്പു കൊടുത്ത്    
നിലാവിനു താരാട്ടു പാടി
കാറ്റിനണയ്ക്കാൻ
ഞാനൊരു വിളക്കു കൊടുക്കട്ടെ .