പകലിനെ
പൊതിഞ്ഞെടുത്തുപോകുന്ന
ഇരുട്ടിന്റെ മറവിൽ
ചുവരിലെ
നീളൻ കണ്ണാടിയിറമ്പിലൂടെ
ചിമ്മിനിവിളക്കു തെളിയിച്ച്
അവളിറങ്ങി വരും.
ഉറക്കപ്പായ ചുരുട്ടി വെച്ച്
കാതു രണ്ടും നിവർത്തി വിരിച്ചിട്ട്
അവളിരിക്കും,
'തുടങ്ങ്' എന്ന പതിവു ചിരിയോടെ.
കഴുകിക്കമഴ്ത്തിയ മീൻചട്ടി
പൂച്ച തട്ടി മറിച്ചിട്ടത്,
കുടവുമായ് വന്ന മഴയെ
കാറ്റ് തട്ടിക്കൊണ്ടു പോയത്,
ഇലകളൊന്നായ് പൊഴിഞ്ഞ്
ചില്ലകളാകാശത്തിന്റെ
മുറിവുകളായത്,
അകാലത്തിൽ മരണപ്പെട്ട
വാക്കിൻ കൂട്ടം
ജനലഴികൾ മുറിച്ച്
ഉള്ളിൽ കടന്നിരുന്നത്,
അങ്ങനെയങ്ങനെ.
സാരിത്തുമ്പു പിടിച്ച്
മൂക്കുപിഴിഞ്ഞു തുടച്ചും
ഇടയ്ക്കു കളിയാക്കിച്ചിരിച്ചും
അവൾ.
ഒടുവിൽ,
എന്റെ രാജ്യമേയെന്നൊരാന്തലിൽ
ഞങ്ങളൊന്നായ് മുറിഞ്ഞ്
അവൾ ചുവരിനുള്ളിലേയ്ക്കും
ഒരു കീറ് വെട്ടമെടുത്ത്
ഞാനെന്റെ പുര മേയാനും.