2020, മാർച്ച് 23, തിങ്കളാഴ്‌ച

വരണ്ട മുറ്റത്തു നിന്നും
കൊഴിഞ്ഞുപോയിരിക്കുന്നു 
നിഴലുകൾ.
ഒരുചില്ല നിറം പോലും
ബാക്കിവെയ്ക്കാതെ.
പുറപ്പെട്ടു പോയിരിക്കുന്നു
അച്ഛൻ നട്ടു പിടിപ്പിച്ച
വരിക്കപ്ലാവ്.
ഒരുതുള്ളി മണം പോലും
ഒഴിച്ചുവെയ്ക്കാതെ.
ഒരയവിറക്കംകൊണ്ട്
തൊഴുത്തോ
ഒരു തൂവലനക്കംകൊണ്ട്
തൊടിയോ
ഇങ്ങോട്ടു നോക്കെന്നെയെന്ന് 
തൊട്ടു വിളിക്കുന്നുമില്ല.
തുറന്നു കിടപ്പുണ്ട്
മുൻ വാതിൽ,
ഭാരം താങ്ങിച്ചരിഞ്ഞ്.
കൊണ്ടുപോകാൻ മറന്നതാവും,
ചുവരിൽ
ക്ലോക്കിരുന്നിടത്തെ 
വെളുത്ത പാട്.

എവിടേയ്ക്കായിരിക്കും
ഇവരെയൊക്കെ
മാറ്റിപ്പാർപ്പിച്ചിരിക്കുക.