നടുവരമ്പിലിരുന്നാണ്
ഞാനെന്നും
നമ്മളെ വായിക്കാറ്.
പാട്ടു നിർത്തും കിളികൾ.
വരി മുറിക്കും ഉറുമ്പുകൾ.
തെളിഞ്ഞു കാണാം
ചിറകിന്നറ്റത്ത്
മരിച്ച വിരലറ്റങ്ങളുടെ
ചുവന്ന പൊട്ടുകൾ.
വെളുത്ത മേഘത്തിലാണ്
നനഞ്ഞ ഉടലെന്ന്
പാഞ്ഞു പോകുന്ന കാറ്റ്.
പെറുക്കിയെടുക്കും
നമ്മൾ കോർത്തെടുത്ത
വാക്കിന്റെ മണികൾ.
ഉയിരിന്നാഴത്ത്
ഊർന്നു വീഴാതെ,
മായാതെ പച്ചകുത്താൻ.
കടവിന്നും
കാത്തു വെച്ചിട്ടുണ്ട്
ഇരുളാതൊരിലപ്പച്ചയിൽ,
നമ്മളാദ്യമായ് ചുംബിച്ച വെയിൽ.