2021, ജൂൺ 10, വ്യാഴാഴ്‌ച

അനന്തരം,  
മരണപ്പെട്ടവളുടെ  
വീടു തിരഞ്ഞ് 
നീ എത്തിയേക്കും.
വിരൽത്തുമ്പുകൊണ്ട്
പതിയെ തൊടണം, 
ആദ്യത്തെ തൂണിൽ.
ഒഴുകി വരും 
ഒരു പാട്ടിന്റെ നറുമണം 
പൊതിഞ്ഞെടുക്കണം
പൂവെന്നവണ്ണം
അടരാതെ.

രണ്ടാമത്തേതിൽ 
മിഴി തുറന്നുവരും
ഞാൻ പകർത്തിയ 
കാഴ്ചയുടെ തിരികൾ  
തൊട്ടെടുക്കണം 
മൺചെരാതെന്നവണ്ണം
അണയാതെ.

പതിയെ തൊടണം
അവസാനത്തേതിൽ 
പെയ്തിറങ്ങിവരും 
ഞാനെന്ന ഒറ്റവരി
കോരിയെടുക്കണം 
മഴയെന്നവണ്ണം 
തോരാതെ.   

തിരികെ നടക്കുന്നേരം 
മുറ്റത്തു ചിരിക്കുന്ന 
മുക്കുറ്റി 
നിന്നെ പേരുചൊല്ലി വിളിക്കും.
ഒരു നിമിഷം
നോക്കി,നിൽക്കണം
എന്നിട്ട്   
കാതുകളാകാൻ മറന്നുപോയ
കഥയെ കണ്ടെടുക്കാൻ 
വീണ്ടും വരുമെന്നവളോട്   
രഹസ്യമായൊരു   
കളവ് പറഞ്ഞേക്കണം.