അ(ശ)യനം
നിനച്ചിരിക്കാത്ത
നേരത്തായിരുന്നു വരവ്
ഒരുങ്ങിയിരുന്നില്ല തീരെ.
ഗാഢമായവൻ പ്രണയിക്കുമ്പോഴും
ചിറകടിച്ച് മറ്റെവിടെയോ.....
മാവിൻചോട്ടിലെ കസേരയിൽ
നടുവു നിവർന്നിരിക്കുന്ന
പാതിനിർത്തിയ വായനയിൽ,
ചിറകുകളൊതുക്കി മൂലയിലേക്ക്
സന്ധ്യയായെന്ന്
കലമ്പൽകൂട്ടുന്ന കൂട്ടിനുള്ളിൽ,
മറന്നുപോയോന്ന് അമറി
വാലിളക്കി അസ്വസ്ഥമാകുന്ന
തൊഴുത്തിൽ,
ഒരു പകൽ മെഴുകിയിറക്കിയ
വിയർപ്പിന്റെ കഥയെഴുതിയെടുക്കാ-
നാവാത്ത വേദനയിൽ
മുങ്ങിക്കിടക്കുന്ന കടവിൽ,
അവിടെ കാവൽനിൽക്കുന്ന
പടവുകളിൽ,
ഈറൻമാറിയ നനവിൽ
ഉടലൊന്ന് തഴുകിപ്പോകാവാതെ
കുറുമ്പുമായ്
ചില്ലകളിളക്കുന്ന വിരലുകളിൽ
അങ്ങനങ്ങനെ...
ഒരുങ്ങിയിരിക്കണം
ഒരു പകലോ ഒരു രാവോ
നിന്നെയിങ്ങനെ കണ്ടിട്ടിട്ടേയില്ലാന്ന്
അതിശയപ്പെട്ട്
മൂക്കിൻതുമ്പത്ത് വിരൽവെയ്ക്കും-
വിധം.
തട്ടിൻപുറത്തുപോലുമില്ല
മായ്ച്ചുകളഞ്ഞ അക്ഷരങ്ങൾ.
കാണാമറയത്തുമില്ല
പറത്തിവിട്ട കുറുകലുകൾ,
ഒരു മേച്ചിൽപ്പുറത്തുമില്ല
അഴിച്ചുവിട്ട അയവിറക്കൽ
തിരയിളക്കങ്ങളിലൊന്നുമില്ല
മുങ്ങിനിവർന്ന ഒഴുക്ക്,
ഒരിരവുപകലുകളിലുമില്ല
കുളിരു ചുറ്റിയ വിരലുകൾ.
വെറുതെയെന്നൊരു
വാക്കിന്റെ മുറ്റത്ത്
തൂവൽ കൊഴിച്ചിടുന്നു ചിറക്.
കാത്തിരിക്കുകയാണ്
പുനർജ്ജനിക്കാനാവാത്തവിധം
ഈയുള്ളവൾക്ക്
അവന്റെ പ്രണയത്തിൽ മരിക്കണം.