2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

മെല്ലെയിറങ്ങിവരും
ഉറക്കത്തിന്റെ ഇടനാഴിയിലേക്ക്
പലപലയിടങ്ങളിൽനിന്ന്
പലപല നേരങ്ങളിൽ
അവരവരുടെ നാളെകളിൽ നിന്ന്
മരണത്തിന്റെ തണുപ്പിലേക്ക്
മാഞ്ഞുപോയവർ. 
തെളിഞ്ഞ മുഖങ്ങളിലൊരേ ചിരി 
ചോദിക്കാനേറെയുണ്ടെനിക്ക്.
ഞാൻനനഞ്ഞ പുഴയും 
ഞാൻതഴുകിയ പാടങ്ങളും 
അവിടെയെത്തിയിട്ടുണ്ടെന്ന് 
അവർ പറയും 
എന്നെ കൊതിപ്പിക്കാൻ 
അവർക്ക് നാവ് നൂറ്. 
ചോദിക്കാൻ ഒന്നുമില്ലാത്തവരുടെ
എല്ലാം കാണുന്ന കണ്ണുകൾ 
എന്നെ അതിശയത്തിന്റെ 
പരകോടിയിലെത്തിക്കും. 
അവർക്ക് കാണാനാവാത്ത 
പലകാലങ്ങളിലെ അവരുടെ
മുഖങ്ങൾ 
എനിക്ക് കാണാനാവുമെന്ന് 
ഓരോരുത്തരോടും വീമ്പിളക്കും. 
അപ്പോഴും 
ചെറുചിരിയുടെ താലംകൊണ്ട്
തരാനാവാത്ത ഒരേയൊരുത്തരം
അവർ  മൂടിവെക്കും.
ഇരുട്ടിലെന്റെ കണ്ണുകൾ 
അവരറിയാതെ ഞാൻ തുടയ്ക്കും. 
അച്ഛൻ 
അമ്മ 
വല്യച്ഛൻ 
യമുനേടത്തി 
എന്റെ ചോദ്യം മുന്നിലെത്തുംമുൻപ് 
അവർ കാതുകൾ കൊട്ടിയടയ്ക്കും 
കാട്ടിത്തരാമോ'എന്നൊരു വാക്കായ് 
ഭൂമിപിളർന്ന് 
അതങ്ങിറങ്ങി പോകും.
കാണിച്ചുതന്നിട്ടില്ലാരും അവരുടെ നാട്,
എന്റെ അമ്മമ്മ പോലും. 





2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

തികച്ചും തരിശായ 
പകലിന്റെ ചോട്ടിലിരുന്ന് 
ഇനിയും മുളയ്ക്കാത്ത 
മാവിൻ കൊമ്പിലേയ്ക്ക് 
വറ്റിവരണ്ട നോട്ടമെറിഞ്ഞ് 
പാതിവേവായൊരുടൽ.
പരോളിലിറങ്ങിയ 
കുറ്റവാളികളെപ്പോലെ 
വട്ടമിട്ടു പറക്കുന്ന 
ശേഷിച്ച കിനാവുകൾ. 
വരും ജന്മത്തിൽ 
നിങ്ങൾക്കു വിരുന്നൊരുക്കി
പൂമെത്ത വിരിച്ചിടുമെന്ന് 
നിഴലിൽ നിന്നൊരുവൾ 
പതിയെ പറഞ്ഞത്
കേട്ടതുപോലെ. 
ഒരു മാത്ര.........
പതിരാണ് പതിരാണെന്ന് 
വിരൽകുടഞ്ഞാണയിട്ട് 
വഴിതെറ്റിവന്ന കാറ്റ്.
പതിരല്ല കതിരാണെന്ന് 
കനലായ മണ്ണിലുടനെ
മുളച്ച ചുണ്ടിനെ 
അലിവൊരു തരിമ്പില്ലാതെ, 
തൊട്ടുനോക്കി പാകമായിട്ടില്ലെന്ന്
ഉച്ചിയിൽ പൂക്കുന്നു വെയിൽ. 


2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച


ഇറക്കിവെക്കാമെന്ന് 
കരുതിയാണടുത്തേക്ക് 
ചെന്നത്,
നോവുകൾ കുത്തിനിറച്ച 
ഭാണ്ഡക്കെട്ടിന്
ഒരു ചുമടുതാങ്ങിയാകുമെന്ന്
വെറുതെ മോഹിച്ച്. 
സൂക്ഷിച്ചുനോക്കിയപ്പോഴുണ്ട്
കറുത്ത കവിൾത്തടങ്ങളിലൂടെ 
രണ്ടുറവകൾ. 
കരയുന്ന രാവിനെ 
കാട്ടിത്തന്നിരുന്നില്ല കിനാവുകൾ. 
നീയും'എന്നൊരു വാക്കിന്റെ മൂർച്ചയിൽ 
തോളിൽനിന്നറ്റുവീഴുന്നെന്റെ 
തലയുമതിന്റെ ഭാരവും.