2024, മാർച്ച് 26, ചൊവ്വാഴ്ച

സമയം സന്ധ്യ 
മുറ്റത്തെ മാവിൽനിന്ന് 
കൊഴിഞ്ഞു വീഴുന്ന 
ജലകണങ്ങൾ 
തുറന്നുകിടക്കുന്ന ജനാല 
കൈയെത്തുംദൂരത്ത് 
ഇന്നലെയും കേട്ട ഒരുവൾ 
മുഖത്തു പടർന്നുകയറിയ 
ശാന്തത.
കഴുത്തിനു താഴെ 
നെഞ്ചിനു മുകളിലായ് 
നീലിച്ചു കറുത്തൊരടയാളം. 

മരിച്ചുകിടക്കുകയാണെന്ന് 
തോന്നുകയേയില്ല 
മുറിഞ്ഞുപോയൊരു പാട്ടിനെ 
തുന്നിച്ചേർത്തെടുക്കാൻ 
ചുണ്ടൊരുക്കുന്നതു പോലെ..!

2024, മാർച്ച് 23, ശനിയാഴ്‌ച

വെയിലിനെ നേർപ്പിച്ചെടുത്ത്
മടമടാന്ന് വയറുനിറയെ കുടിച്ച് 
വരിവരിയായ് വരുന്നുണ്ട്
നിറഞ്ഞ കുടങ്ങളുമേന്തി 
കറുമ്പിപെണ്ണുങ്ങൾ. 
എന്തൊരു ചന്തംന്ന് തുളുമ്പീട്ട് 
ഓടിപ്പോയി തൊടീന്ന് ഞാനൊരു
പാള മുറിച്ചെടുത്ത് തലേൽവെച്ച്.
ഒരു തുടമെങ്കിലും ഒഴിച്ചുതന്നാലോ 
വീതംവെച്ച് കൊടുക്കണം 
ഓരോരുത്തർക്കും ഓരോതുള്ളി 
വിരൽമടക്കി കണക്കുകൂട്ടി 
തികയാതെ വന്ന വിരലിനെ 
രണ്ടിരട്ടിയാക്കി മൂന്നിരട്ടിയാക്കി.......
കള്ളികൾ....!
ദൂരെയെവിടെയോ പെരുമ്പറകൊട്ടുന്ന മേളം. 
പാള ഒടിച്ചുകുത്തി 
ഞാനൊരൊറ്റ നടത്തം.
കിണറ് അടിത്തട്ട് കാട്ടി ചിരിക്കുന്നുണ്ട്
നിന്നെയും കാത്തെന്നപോലെ. 

2024, മാർച്ച് 12, ചൊവ്വാഴ്ച

വളർന്നു വളർന്ന് 
മാനംമുട്ടിയൊരു മരമുണ്ടെന്റെ
പുരയ്ക്ക് മേലെ. 
വെള്ളകീറുമ്പൊ കണ്ണിലേയ്ക്കിറങ്ങി-
വരും, കൂട്ടമായി കിളികൾ. 
കാതിന്റെയോരത്തിരുന്നവർ 
മധുരമധുരമായ് പാടും.
മേഘമിരുണ്ടുകൂടിയൊരു ദിവസം 
കാറ്റെഴുതി തുളകളായെന്റെ കൂര.
അന്നാണ്.... 
അന്നാണെന്റെ കണ്ണിലെ കിളികൾ 
കടലിലേയ്ക്കൊലിച്ചുപോയത്.