ഓർമ്മകളുടെ മണമാണോരോ രാവിനും
വീതിയുള്ളൊരിടവഴി,
കുഞ്ഞൂട്ടമ്മാവന്റേം ഞങ്ങടേം
വീടുകളെ
രണ്ടു ദേശങ്ങളിലായി പകുത്തിരുന്നു.
പത്തുപതിനൊന്നു പടികൾ ചവിട്ടിക്കയറിവേണം
ഞങ്ങടെ മുറ്റത്തെത്താൻ.
ഇരുട്ടണയുമ്പൊ കടയുംപൂട്ടി കുഞ്ഞൂട്ടമ്മാവൻ ചൂട്ടുകറ്റയും
കത്തിച്ചുപിടിച്ചൊരു വരവുണ്ട്.
സ്കൂളിൽ തീരാത്ത രാഷ്ട്രീയസംവാദം
അന്തിചർച്ചയിലവസാനിപ്പിച്ച്
അച്ഛൻ വീട്ടിലെത്തിയിട്ടുണ്ടാവുമന്നേരം.
അച്ഛന്റെ കൈയിലെ
വലിയ ടോർച്ചിന്റെ വെട്ടം
ഇടവഴിയുടെ അങ്ങേത്തലയ്ക്കലെത്തുമ്പൊ
പുസ്തകം മടക്കിവെച്ച് ഞാൻ വരാന്തയിലിറങ്ങും.
ആഴമുള്ള കിണറ്റിലെ കപ്പിയുടെ
കരച്ചിലും തണുത്തവെള്ളത്തിന്റെ
ചില്ചില് ശബ്ദവുമൊക്കെ കേട്ടു-
നിൽക്കുമ്പോഴാവും
കുഞ്ഞൂട്ടമ്മാവന്റെ വരവ്.
ഇടവഴിയുടെ അങ്ങേതലയ്ക്കലൊരു
തിരിതെളിയും.
വലുതായി വലുതായി അതൊരു പന്തമാകും.
ആഞ്ഞുള്ള വീശലിൽ
വെട്ടത്തിന്റെ മണികൾ പൊഴിഞ്ഞുവീഴും.
കാറ്റ് തിടുക്കപ്പെട്ട് ചൂട്ടിൻതുമ്പത്ത്
തീയെ പിടിച്ചിരുത്തും.
പലതവണ കുഞ്ഞൂട്ടമ്മാവനും കാറ്റും
മത്സരിച്ച് വഴിയെ തെളിച്ച് നടന്നുവരും.
വെട്ടത്തിന്റെ മണികൾ പൊഴിഞ്ഞു-
വീഴുന്നതു കാണാൻ ഞാനും.
അമ്മായി വാതിൽ തുറക്കുമ്പൊഴേക്കും
ചൂട്ടുകറ്റ മുറ്റത്തിന്റെ മടമ്പിൽ കുത്തി
അണച്ചിരിക്കും
അപ്പൊ വെളിച്ചത്തിന്റെ പൊട്ടുകൾ
കൂട്ടത്തോടെ തുള്ളിച്ചാടി
ചൂട്ടുകറ്റയ്ക്കരികെ മരിച്ചുവീഴും.
കുഞ്ഞൂട്ടമ്മാവന് ഒരിക്കലുമൊരു
ടോർച്ചുവാങ്ങാൻ തോന്നരുതേയെന്ന്
ഞാനെന്നും മുട്ടിപ്പായി പ്രാർത്ഥിച്ചു.
വെളുപ്പാൻകാലത്ത് കുഞ്ഞൂട്ടമ്മാവൻ
തീകായാൻ കരിയിലക്കൂനയ്ക്ക്-
തീപടർത്തുമ്പൊ
ഞാൻ പടിയിറങ്ങിച്ചെല്ലും.
അകലമിടാതിരിക്കുന്ന അവർക്കിടയി-
ലേക്ക് ഞാൻ നുഴഞ്ഞുകയറും.
അമ്മായിയെന്നെ ചേർത്തുപിടിക്കും.
ചൂട്ടുകറ്റയുടെ മൂടറ്റം ആ തീയിൽ
എരിഞ്ഞമരും
ഒരു ദിവസം പതിവുപോലെ കടയുംപൂട്ടി
കൂഞ്ഞൂട്ടമ്മാവൻ ഇടവഴിയിറങ്ങി തീപ്പെട്ടിക്കൊള്ളിയുരച്ചതും.......
മാടന്റെ അടിയേറ്റതാണത്രേ !!!
മാടനെന്തിനാണ്
മടിക്കുത്തിലെ കാശെന്ന് അച്ഛനാരോടോ
ചോദിക്കുന്നതു കേട്ടു.
അമ്മായി മോഹാലസ്യപ്പെട്ടുവീണു.
ഒരേ കിടപ്പിൽ കുറെക്കാലം.
അമ്മായിയും പോയതിൽപിന്നെ
വെളിച്ചം കയറാത്ത ആ വീട്ടിലെ
ഇരുണ്ട ജനാലച്ചില്ലിൽ
രാത്രികാലങ്ങളിൽ
കുഞ്ഞൂട്ടമ്മാവന്റെ ചൂട്ടുകറ്റയിൽനിന്ന്
അടർന്നുവീഴുന്ന വെളിച്ചത്തിന്റെ
പൊട്ടുകൾ
പറ്റിപ്പിടിച്ചിരിക്കുന്നതായി ഞാൻ
കാണാറുണ്ടായിരുന്നു
ഒരിക്കലല്ല പലതവണ പലതവണ.