http://www.youtube.com/watch?v=3wk5aqCm9Ys
'' കാറ്റും മഴയും വെയിലും മഞ്ഞും കൂട്ടാക്കാതെയിതാരോ ...''
ദയാബായി .........................
ഈ പുസ്തകം തുറന്നു നോക്കിയാല്‍ ജീവിതം എന്ന വാക്കിന്റെ ശരിയായ
അര്‍ത്ഥം തെളിഞ്ഞു കാണാം .
മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അവരോടൊപ്പം നടന്ന് , കാലുകള്‍
വിണ്ടുകീറിയപ്പോഴൊക്കെ , നേരില്‍ കാണാന്‍ , ഒന്നു മിണ്ടാന്‍ ഒരുപാട്
മോഹിച്ചു .
ഇന്ന് ആ വാക്കുകള്‍ ...അതിലെ ആര്‍ദ്രത , സ്ഥൈര്യം .....ഒരു നിമിഷം
കൊണ്ട് , ആ ശബ്ദത്തില്‍ ലയിച്ച്.... ഞാന്‍ പറന്ന് ബറൂളില്‍ എത്തി .
ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിനുവേണ്ടി ജീവിതം
സമര്‍പ്പിച്ച് , അവര്‍ക്കായി ഒറ്റയ്ക്ക് പടവെട്ടുന്ന ധൈര്യശാലി .പ്രകൃതിയെ
സ്നേഹിച്ച് , സഹജീവികളെ സ്നേഹിച്ച് , വരും തലമുറകള്‍ക്ക് , മരിക്കാത്ത
ഭൂമിയെ കൈമാറാനായി ഒരു ജീവിതം .
രാസവസ്തുക്കളും കീടനാശിനികളും നിരോധിച്ചിരിക്കുന്ന സ്വന്തം മണ്ണില്‍
നെല്ലും ഗോതമ്പും ചോളവും ഞവരയും നാരങ്ങയും ചെറിയും എന്നല്ല
ഭക്ഷ്യയോഗ്യമായതെല്ലാം വിളയിച്ചെടുക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം
ലോകത്തെ ബോധ്യപ്പെടുത്തി ഭൂമിയോട് കാട്ടുന്ന ' ദയ .'
കേരളം മരിക്കാതെ, വളരണമെങ്കില്‍ ഒരു മരുന്നേയുള്ളൂ , അത് കാര്‍ഷിക
വിപ്ലവമാണെന്ന എന്റെ എളിയ അഭിപ്രായപ്രകടനത്തോട് അവര്‍
പ്രതികരിച്ചത് , ''ഇപ്പോള്‍ നമ്മള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
കൃഷി രീതികള്‍ അല്ല വേണ്ടത് .ആദിവാസികളുടെ കൃഷി ശാസ്ത്രമാണ്
നമ്മള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അതാണ് നമ്മള്‍
പിന്തുടരേണ്ടതും .'' സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ , ആ
മണ്ണിന്റെ പ്രിയപുത്രിയെ ഞാന്‍ മനസ്സാ നമിച്ചു .
കടല്‍ മഴ പെയ്യിക്കുന്നത് കരയ്ക്കുവേണ്ടി . അതറിയാതെ നമ്മള്‍ മഴവെള്ളം
കടലിനു തന്നെ തിരിച്ചു കൊടുക്കുന്നു . ദാഹം ശമിക്കാതെ ഞെളിപിരി
കൊള്ളുന്ന കര . കലിതുള്ളുന്ന കടലിന്റെ ഒരു നഖപ്പാട് മതിയാവും
' പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ പുണ്യഭൂമി ' പുരാണത്തില്‍ നിന്ന്
ചരിത്രത്തിലേയ്ക്ക് ഒഴുകിപ്പോകാന്‍ .
ഭൂമിയുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന ഉപഭോഗ സംസ്കാരം .
ഇടയ്ക്കിടെ ഉരുള്‍ പൊട്ടിയും നീരുറവകള്‍ വിഴുങ്ങിയും പ്രതിഷേധിക്കുന്ന
ഭൂമി .
ഭൂമിയോട് ദയ കാണിക്കുക . അവള്‍ കനിഞ്ഞു തരും നീരുറവകള്‍ ....
ദയാബായിക്കെന്ന പോലെ !
ദയാബായി എന്ന പുസ്തകം മടക്കി വച്ച് ഞാനെന്ന പുസ്തകം ഒന്നു
തുറന്നു നോക്കി . ജീവിതം എന്ന വാക്ക് കണ്ടു . പക്ഷെ അതിന്റെ
അര്‍ത്ഥം തെളിഞ്ഞിട്ടില്ല , വായിക്കാനാവുന്നുമില്ല ...........
***********************************************