'' പണ്ട് ഓരോരുത്തര്‍ക്കും ധാരാളം വീടുകളുണ്ടായിരുന്നു .അയല്‍പക്കത്തെ
വീടുകളും സ്വന്തം വീടുകള്‍ പോലെതന്നെ . അവയുടെ മുന്‍ വാതിലുകള്‍ എപ്പോഴും
തുറന്നുകിടന്നിരുന്നു . അന്യഥാ ബോധമില്ലാതെ എവിടെയും എപ്പോഴും കടന്നു -
ചെല്ലാമായിരുന്നു .ഇന്ന് എല്ലാ വീടുകളുടെയും മുന്‍വാതില്‍ അടഞ്ഞു കിടക്കുന്നു .
അയല്‍പക്കത്തെ കൊച്ചുകുട്ടി വീട്ടിലേയ്ക്ക് വരുന്നത് കോളിംഗ് ബെല്‍ അടിച്ച്
അനുമതി കിട്ടിയതിനുശേഷം മാത്രം ''
................റഫീഖ് അഹമ്മദ് .
ഇന്നും പലര്‍ക്കും സ്വന്തമായി ധാരാളം വീടുകള്‍ .ഒരു കുട്ടിക്കായി ഒന്നിലധികം
വീടുകള്‍ ...എല്ലാ വീടുകളുടെയും മുന്‍ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു ..
.................കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ വാതായനങ്ങള്‍ പോലെ ............
പലപല കാരണങ്ങള്‍ ..കാലത്തിനു മുന്പേ കുതിച്ചെത്താന്‍ നെട്ടോട്ടമോടുന്ന
മനുഷ്യരുടെ ലോകം ...അവിടെ സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ
ഒന്നും സമയം തികയുന്നില്ല ..ലോകത്തെ തന്നിലേയ്ക്കൊതുക്കുന്ന ജീവിതശാസ്ത്രം !
ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ വീട്ടിലെ മുന്‍ വാതില്‍ മൂന്നുവര്‍ഷം മുന്‍പ്
വരെ സദാ തുറന്നു കിടന്നിരുന്നു . വീടിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന
അച്ഛന്റെ സാന്നിധ്യം , അമ്മയോട് പറയുന്നുണ്ടാവും , 'കാലം നന്നല്ല , വാതിലടച്ച്
തഴുതിട്ടോളൂ ' എന്ന് ...അവിടെ അയല്‍പക്കത്തെ കുട്ടികള്‍ അനുമതിക്കായി
കാത്തുനിന്നിരുന്നില്ല . ഭിക്ഷക്കാരും വഴിതെറ്റി വരുന്നവരും അമ്പലപ്പിരിവുകാരും
അപരിചിതരും മാത്രം പുറത്തുവന്നു നിന്ന് ' ഇവിടാരുമില്ലേ ? ' എന്ന് ചോദിച്ചിരുന്നു .
തുറന്നു കിടക്കുന്ന വാതിലിന് കോളിംഗ് ബെല്‍ ഒരു അനാവശ്യവസ്തുവാണെന്ന്
അവരും തിരിച്ചറിഞ്ഞിരുന്നു .....
ചെന്നുകയറിയ വീടിന്റെ മുന്‍വാതിലും എപ്പോഴും തുറന്നുകിടന്നിരുന്നു !
ഉച്ചനേരത്ത്അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴും തുറന്നു കിടക്കുന്ന മുന്‍വാതില്‍ .
ഇന്നും വിരുന്നുകാരെപ്പോലെ വല്ലപ്പോഴും കയറിച്ചെന്ന് പൂട്ടിക്കിടക്കുന്ന
വാതില്‍ തുറന്നാല്‍ , രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ വാതിൽ
തുറന്നുതന്നെ കിടക്കണമെന്ന് എനിക്ക് നിര്‍ബന്ധം .
ജനാലയിലൂടെ നക്ഷത്രങ്ങളെ കാണിച്ചുതന്ന് , അനുവാദം ചോദിക്കാതെ
ഉറക്കത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന രാത്രിയും....സ്വര്‍ഗത്തെക്കാള്‍ എത്ര
സുന്ദരിയാണ് ഈ ഭൂമി ....എനിക്ക് വല്ലപ്പോഴും സ്വന്തമാകുന്ന രാപ്പകലുകള്‍ .
എന്റെ ഇഷ്ടക്കാരായ ഈ രാപ്പകലുകളെ പിന്‍മുറക്കാര്‍ക്ക് കൈമാറണം ,
ഇഷ്ടമെങ്കില്‍ ...ആവശ്യമെങ്കില്‍ അവരെടുത്തോട്ടെ .............
*******************
19 - 10 - 2012 - ലെ മാതൃഭൂമി പത്രവാര്‍ത്തയാണിത് .
ഈ പന്ത്രണ്ടുവയസ്സുകാരന്‍ ഭവനഭേദനത്തിന് പോയവനല്ല .
പന്തെടുക്കാന്‍ വീട്ടുവളപ്പില്‍ കയറിയതാണ് . കഷ്ടം !!!!!!
കാലം ഇന്നത്തെ മനുഷ്യനെ നോക്കി പകച്ചു ഓടുകയാണ് .